കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറിന്റേയും റണ്ണറപ്പ് അഞ്ജന ഷാജന്റേയും മരണത്തിന് കാരണമായ വാഹനാപകടം നടന്നിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും ദുരൂഹത നീക്കാനാകാതെ പൊലീസ്. മോഡലുകളുടെ മരണത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്ന ദുരൂഹത വിരല്‍ചൂണ്ടുന്നത് ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിലേയ്ക്കും ഉടമ റോയി വയലാട്ടിലേക്കുമാണ്.
Read Also : കുഞ്ഞ് അനുപമയുടേത് തന്നെ: ഡി.എൻ.എ റിപ്പോർട്ട് പോസിറ്റിവ്, സന്തോഷമെന്ന് അനുപമ
കേസില്‍ ഒന്നും ഒളിക്കാനില്ലെന്ന് വാദിക്കുന്ന റോയിയും യുവതികളുടെ കാര്‍ ചെയ്സ് ചെയ്ത സൈജുവുമാണ് കേസില്‍ പ്രധാനമായും സംശയ നിഴലിലുള്ളത്. ആദ്യം സിസി ടി വി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ച റോയി ഒരു ഹാര്‍ഡ് ഡിസ്‌ക്ക് പൊലീസിന് മുന്നില്‍ ഹാജരാക്കി. അതേസമയം തന്നെ മറ്റൊരു ഹാര്‍ഡ് ഡിസ്‌ക്ക് നശിപ്പിക്കുകയും ചെയ്തു. ഒന്നും ഒളിക്കാനില്ലെങ്കില്‍ എന്തുകൊണ്ടാണ് ഹാര്‍ഡ് ഡിസ്‌ക്ക് കായലില്‍ എറിഞ്ഞ് ഇയാള്‍ നശിപ്പിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്. ഈ ഹാര്‍ഡ് ഡിസ്‌ക്ക് കേന്ദ്രീകരിച്ചു മാത്രമാണ് ഇപ്പോള്‍ കേസിലെ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്.
കൊച്ചിയില്‍ മോഡലുകള്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ഹോട്ടലിലെ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത മുഴുവനാളുകളുടെയും വിവരങ്ങള്‍ ശേഖരിക്കുമെന്ന് പൊലീസും വ്യക്തമാക്കി. എന്നാല്‍ ഇതുവരെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കുറിച്ചുള്ള വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.
പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഹോട്ടല്‍ ജീവനക്കാര്‍ ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞതിനാല്‍ അത് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടുമെന്നും പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. വാഹനാപകടത്തില്‍ പ്രാഥമികമായി വലിയ ദുരൂഹതകള്‍ സംശയിച്ചിരുന്നില്ല. പിന്നീട് പുറത്തുവന്ന വിവരങ്ങളാണ് നിര്‍ണായകമായത്. ഹാര്‍ഡ് ഡിസ്‌ക നശിപ്പിക്കാന്‍ ശ്രമിച്ചതിലൂടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഉറപ്പായി. മോഡലുകളുടെ കാര്‍ ഓടിച്ചിരുന്നു അബ്ദുറഹ്മാനെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കമ്മീഷണറും വ്യക്തമാക്കിയിട്ടുണ്ട്.
ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടെ ഹോട്ടലല്‍ ഉടമ റോയി വയലാട്ട്, ഇവരുടെ കാര്‍ ചേസ് ചെയ്ത സൈജു എന്നിവര്‍ യുവതികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ പാര്‍ട്ടി നടന്ന റൂഫ് ടോപ്പിലെയും പാര്‍ക്കിങ് ഏരിയയിലെയും സിസിടിവി ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌ക് ഊരി മാറ്റി, ബ്ലാങ്ക് ഡിസ്‌ക് ഘടിപ്പിച്ച നിലയിലായിരുന്നു. അപകടം നടന്നതിന് തൊട്ടുപിന്നാലെ റോയി വയലാട്ടിന്റെ നിര്‍ദ്ദേശപ്രകാരം കായലില്‍ വലിച്ചെറിഞ്ഞെന്നായിരുന്നു ജീവനക്കാരായ വിഷ്ണു കുമാറിന്റെയും മെല്‍വിന്റെയും മൊഴി. എന്നാല്‍ ഈ മൊഴികള്‍ പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് മരിച്ച പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയി വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments