കൊച്ചി: നമ്പർ 18 ഹോട്ടൽ ഉടമ അടക്കം ഉൾപ്പെട്ട പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവ് ഇന്നും ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. അഞ്ജലിയോട് ഇന്ന് രാവിലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാൽ ഹാജരാകാൻ കഴിയില്ലെന്നും കാണിച്ച് അഞ്ജലി കത്ത് കൊടുക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണവുമായി അഞ്ജലി സഹകരിക്കുന്നില്ലെന്നും, ഈ കാര്യം കോടതിയെ അറിയിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജ പറഞ്ഞു.
വയനാട് സ്വദേശിനിയായ അമ്മയുടെയും, പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയിന്മേലാണ് നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് അടക്കമുള്ളവർക്ക് എതിരെ കൊച്ചി പൊലീസ് പോക്സോ കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ച് പ്രതികൾ ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്.
കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവിന് ഹൈക്കോടതി നേരത്തെ, ജാമ്യം അനുവദിച്ചിരുന്നു. അമ്മയ്ക്കൊപ്പം ഹോട്ടലിലെത്തിയ തന്നെ കെണിയിൽപ്പെടുത്താൻ ഒത്താശ ചെയ്തെന്നാണ് അഞ്ജലി റിമാ ദേവിനെതിരെ പരാതിക്കാരി ആരോപിച്ചിരിക്കുന്നത്. എന്നാൽ, പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക തർക്കമാണ് കേസിന് പിന്നിൽ എന്നാണ് പ്രതികൾ കോടതിയിൽ വാദിച്ചത്.
Post Your Comments