തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് ഡി.എൻ.എ റിപ്പോർട്ട്. റിസൾട്ട് പോസിറ്റിവ് ആയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് അനുപമ വ്യക്തമാക്കി. ഔദ്യോഗിക റിപ്പോർട്ട് കൈയിൽ കിട്ടിയിട്ടില്ലെങ്കിലും പോസിറ്റീവ് റിപ്പോർട്ടിൽ സന്തോഷമുണ്ടെന്നും അനുപമ വ്യക്തമാക്കി.
കുഞ്ഞിനെ തിരിച്ച് കിട്ടിയാലും സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നും സമരം തുടരുമെന്നും അനുപമ അറിയിച്ചു. വനിത ശിശുക്ഷേമ സമിതി ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് അനുപമ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ ഡി.എൻ.എ ഫലം പുറത്തുവരുന്നത്.
ഡിഎന്‍എ പരിശോധനയില്‍ വീഡിയോ ചിത്രീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉറപ്പുനല്‍കിയെങ്കിലും അത് നടപ്പായില്ലെന്ന കുറ്റപ്പെടുത്തലുമായി അനുപമ രംഗത്ത് വന്നിരുന്നു. എന്നാല്‍ ശിശുക്ഷേമ സമിതിക്കെതിരെ അനുപമ ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ രംഗത്തെത്തിയിരുന്നു. നിയമവിരുദ്ധമായി ഒന്നും സമിതി ചെയ്തിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Post Your Comments