തിരുവനന്തപുരം: പാര്‍ട്ടിഘടകങ്ങളില്‍ വനിതകളുടെ പങ്കാളിത്തം കൂട്ടാനൊരുങ്ങി സിപിഎം. ജില്ലാകമ്മിറ്റികളില്‍ കുറഞ്ഞത് 10 ശതമാനം സ്ത്രീകള്‍ വേണമെന്നതിനൊപ്പം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ഒരാളെങ്കിലും വനിതകളാകണമെന്നാണ് നിര്‍ദ്ദേശം. 75 വയസുകഴിഞ്ഞവരെ പാര്‍ട്ടികമ്മിറ്റികളില്‍ നിന്ന് മാറ്റിനിര്‍ത്താനും സംഘടന ചുമതലകളില്‍ നിന്ന് ഒഴിവാക്കാനും കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശമുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാമെങ്കിലും കേരളത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്നാണ് പൊതു തീരുമാനം.
1997 വനിതകളാണ് ബ്രാഞ്ച് സെക്രട്ടറിമാരായി ഉള്ളത്. ഇതിന് ആനുപാതികമായ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ലോക്കല്‍ കമ്മിറ്റികളിലും സെക്രട്ടറിതലത്തിലും നേതൃശേഷിയുള്ള വനിതകളെ കൊണ്ടുവരാനാണ് തീരുമാനം. ജില്ലാകമ്മിറ്റി അംഗങ്ങളില്‍ രണ്ടുപേരെങ്കിലും 40 വയസിന് താഴെയുള്ളവരായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പാര്‍ട്ടി ഭാരവാഹികളാകുന്നവര്‍ മുഴുവന്‍ സമയവും സംഘടനാപ്രവര്‍ത്തനത്തിന് വേണ്ടി സമയം ചെലവഴിക്കുന്നവരായിരിക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. സഹകരണസ്ഥാപനങ്ങളിലടക്കം ജോലിചെയ്യുന്നവര്‍ പാര്‍ട്ടി ചുമതലയില്‍ വരുന്നത് ഉചിതമല്ലെന്നാണ് സംസ്ഥാനനേതൃത്വം നിര്‍ദ്ദേശിച്ചിട്ടുള്ളത്.
Post Your Comments