തിരുവനന്തപുരം: തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടവര്‍ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇക്കാര്യം അറിഞ്ഞപ്പോള്‍ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടിയില്‍ വച്ച് പൊറുപ്പിക്കാന്‍ കഴിയില്ലെന്നും വിഡി സതീശന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘സ്ഥിരമായി എനിക്കെതിരെ ഈ പരിപാടി നടക്കുകയാണ്. കോണ്‍ഗ്രസിനകത്തെ തര്‍ക്കം എന്നൊന്നും പറഞ്ഞു കൂടാ. തര്‍ക്കമൊന്നും ഇല്ലല്ലോ. നമ്മളെക്കുറിച്ചൊന്നും മോശമായി പറയേണ്ട കാര്യങ്ങള്‍ മുന്‍പോ ഇപ്പോഴോ ഇല്ല. അപ്പോള്‍ പിന്നെ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറയുന്ന രീതിയായി. സോഷ്യല്‍മീഡിയയില്‍ കൂടി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയുള്ള പ്രചാരണമാണ് നടക്കുന്നത്’-വിഡി സതീശൻ പറഞ്ഞു.
‘എന്റെ ശ്രദ്ധയില്‍ അതുപെട്ടപ്പോള്‍, നേതാക്കള്‍ എന്നു ഞാന്‍ പറയില്ല. ചില നേതാക്കന്മാരുമായി ബന്ധപ്പെട്ട ആളുകളാണ് അതിനു പിന്നില്‍ എന്നു മനസിലാക്കിയപ്പോള്‍, അവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. അതിനെ അങ്ങനെ കണ്ടാല്‍ മതി. പക്ഷേ പാര്‍ട്ടിയില്‍ ഇതു വച്ചു പൊറുപ്പിക്കാന്‍ കഴിയില്ല. ഒരാള്‍ ഒരു പത്രസമ്മേളനം നടത്തി ആരോപണം ഉന്നയിക്കുന്നതു പോലെ തന്നെ ഇതിനെയും ഗൗരവത്തോടെ കാണണം’- വിഡി സതീശൻ വ്യക്തമാക്കി.
‘പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ രാഷ്ട്രീയകാര്യസമിതിയുടെ മൂന്നു യോഗങ്ങളില്‍ ശക്തമായി പ്രതിഷേധം പറഞ്ഞിട്ടുണ്ട്. രമേശ് ചെന്നിത്തല ഇങ്ങനെ അവഹേളിക്കപ്പെട്ടിട്ടുണ്ട്. ആദ്യകാലത്തു പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആയിരുന്നു അതു ചെയ്തത്. ആരും അതിനെ നിയന്ത്രിച്ചില്ല. കോണ്‍ഗ്രസുകാരായി നിന്നു കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കാന്‍ പാടില്ല. അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞതു കേട്ട് പല നേതാക്കന്മാര്‍ അന്നു ചിരിച്ചു. പിന്നീട് അവര്‍ക്കും അതേ അനുഭവം ഉണ്ടായി’-സതീശന്‍ പറഞ്ഞു.
Post Your Comments