
തിരുവനന്തപുരം: 15 ദിവസം മുന്‍പ് ഗൃഹപ്രവേശം നടന്ന വീട്ടിൽ മോഷണം. കിളിമാനൂരിൽ അടച്ചിട്ടിരുന്ന വീട്ടിലാണ് സംഭവം. വീട്ടില്‍ നിന്ന് സ്വിച്ച് ബോര്‍ഡുകള്‍, ബള്‍ബുകള്‍, വയറുകള്‍, ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന ഉപകരണങ്ങള്‍ എന്നിവയടക്കം മോഷ്ടാക്കള്‍ കൊണ്ടുപോയി.
മോഷണം സംബന്ധിച്ച് പുതിയകാവ് എന്‍എന്‍ വില്ലയില്‍ എന്‍ നൗഫല്‍ കിളിമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. ഗൃഹപ്രവേശം നടത്തിയെങ്കിലും പണി പൂര്‍ത്തിയായിരുന്നില്ല. ഇതിനാലാണ് വീട് അടച്ചിട്ടത്. നൗഫലിന്റെ ഭാര്യ വീടിനു സമീപം കാട്ടുചന്തയില്‍ നിര്‍മിച്ച പുതിയ വീട്ടില്‍ നിന്നുമാണ് സ്വിച്ചും മറ്റ് സാധനങ്ങളും ഇളക്കിയെടുത്ത് മോഷണം നടത്തിയത്.
160 ഇലക്‌ട്രിക് സ്വിച്ചുകള്‍, അത്രയും ബോര്‍ഡുകള്‍, ഫാന്‍സി, എല്‍ഇഡി ലൈറ്റുകള്‍, ഫാന്‍, ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന ക്ലോസറ്റ് ഒഴികെയുള്ള മുഴുവന്‍ സാധനങ്ങളും മോഷണം പോയി. പെയിന്റ് അടിക്കുന്ന സ്പ്രേയര്‍ അടക്കം 80,000 രൂപ വിലയുള്ള സാധനങ്ങള്‍ ആണ് മോഷണം പോയത്.
വീടിന്റെ ഒന്നാം നിലയിലെ കതക് തുറന്ന് കിടക്കുന്നതായി അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.
Post Your Comments