പന്തീരാങ്കാവ്: ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗസല്യ യോജന പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശീലന കേന്ദ്രം ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ. എഡ്യുസ് പാർക്ക് ഇൻറർനാഷനൽ ലിമിറ്റഡ് പന്തീരാങ്കാവിൽ നടത്തുന്ന പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. തുടർന്ന് 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ചയാണ് ഭക്ഷ്യവിഷബാധയേറ്റത്. പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം ഛർദിയും ദേഹാസ്വാസ്ഥ്യവും കണ്ടതിനെ തുടർന്നാണ് വിദ്യാർഥിനികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിദ്യാർത്ഥിനികളിൽ ഒരാൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ട്രെയിനിങ് സെൻററും നാലാം നിലയിൽ ഗേൾസ് ഹോസ്റ്റലുമാണ്. താമസ ഭക്ഷണ സൗകര്യങ്ങളും ഇതേ കെട്ടിടത്തിലാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം കെട്ടിടത്തിനും ട്രെയിനിങ് സെൻററിനും ഹോസ്റ്റലിനും പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്ന് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. ശാരുതി പറഞ്ഞു. ആരോഗ്യ വിഭാഗവും പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. തുടർന്ന് പദ്ധതിയുടെ നോഡൽ ഏജൻസിയായ കുടുംബശ്രീയുടെ ഡിസ്ട്രിക്ട് കോഓഡിനേറ്റർ സ്ഥാപനം അടക്കാൻ ഉത്തരവിട്ടു.
Post Your Comments