കൽപറ്റ: വ്യാജകേസിൽ കുടുക്കി ആദിവാസി യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മാതാവ് ലീല രാഘവൻ കലക്ടർക്ക് പരാതി നൽകി. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെയാണ് പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
മോഷണക്കുറ്റം ആരോപിച്ച് പൊലീസിന്റെ ക്രൂരമർദനങ്ങൾക്കു വിധേയനായ മകന്റെ ആരോഗ്യപരിശോധന ഡോക്ടർമാരുടെ സംഘത്തെ കൊണ്ട് നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. മാത്രമല്ല നവംബർ അഞ്ചിന് സുൽത്താൻ ബത്തേരിയിൽ കാർ ഓടിച്ചു കൊണ്ടുപോയതിന്റെയും അഞ്ചുമുതൽ ആറുവരെയുള്ള ദിവസങ്ങളിലെ ബത്തേരി സ്റ്റേഷനിലെയും ബന്ധുക്കൾ സന്ദർശിക്കുമ്പോഴത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ, മാനന്തവാടി സബ് ജയിലിൽ എത്തിച്ചതിന്റെ ദ്യശ്യം എന്നിവ ലഭ്യമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഡോക്ടറിന്റെ അടുത്തും മജിസ്ട്രേറ്റിന് മുമ്പിലും മർദിച്ച വിവരം പറഞ്ഞാൽ ജീവനോടെ പുറത്തുവിടില്ല എന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി മകൻ പറഞ്ഞു. കഴിഞ്ഞദിവസം ജയിലിൽ സന്ദർശിച്ചപ്പോഴാണ് മകൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു.
ദീപുവിന്റെ ആരോഗ്യസ്ഥിതി മോശമാണ്. ശരിയായ വിധത്തിൽ പരിശോധിച്ചിട്ടില്ല. സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത മകന്റെ പേരിൽ വ്യാജ വാഹനമോഷണക്കുറ്റത്തോടൊപ്പം മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ നടന്നതെന്നു പറയപ്പെടുന്ന രണ്ടു മോഷണക്കുറ്റങ്ങളും പൊലീസ് മർദിച്ച് സമ്മതിപ്പിച്ചതാണെന്നും മാതാവ് പരാതിയിൽ ആരോപിച്ചു.
Post Your Comments