
ജയ്പൂർ : രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി. മന്ത്രിസ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് മൂന്ന് നേതാക്കൾ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്‌ക്ക് കത്ത് നൽകി. അടുത്ത ദിവസങ്ങളിൽ രാജസ്ഥാൻ മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിമാർ സ്ഥാനമൊഴിയാൻ തയ്യാറെടുക്കുന്നത്. ഹരിഷ് ചൗധരി, രഘു ശർമ്മ, ഗോവിന്ദ് സിംഗ് ദോട്ടസാര എന്നിവരാണ് സ്ഥാനം രാജിവെയ്‌ക്കുന്നതായി അറിയിച്ച് സോണിയയ്‌ക്ക് കത്ത് നൽകിയത്.
നിലവിൽ രാജസ്ഥാന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവാണ് ഹരീഷ് ചൗധരി. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന് നേതൃത്വം ചുമതല നൽകിയത്. ഇതിന് ശേഷം അദ്ദേഹം നടത്തിയ പ്രതികരണം മന്ത്രിസ്ഥാനം രാജിവെക്കുമെന്ന സൂചനകൾ നൽകിയിരുന്നു. ഒരു വ്യക്തി ഒരു സ്ഥാനം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ ആശയങ്ങൾ ഒരു പോലെ നേതൃത്വത്തിലും പ്രവർത്തകരിലും എത്തിക്കുമെന്നും ചൗധരി പറഞ്ഞിരുന്നു. പദവി രാജിവെച്ച് സംഘടനാ ചുമതലകൾ മാത്രം വഹിക്കാനാണ് താത്പര്യപ്പെടുന്നതെന്ന് കത്തിൽ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നു.
അതേസമയം വെള്ളിയാഴ്ച കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സോണിയാ ഗാന്ധിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റും അദ്ധ്യക്ഷയെ കണ്ടത്. അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റുമായി അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട്.
Post Your Comments