തൃശൂർ: ജ്യൂസിൽ ലഹരിമരുന്ന് കലർത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പീച്ചി പട്ടിക്കാട് വാക്കത്ത് വീട്ടില്‍ ഷൈനിനെയാണ് (33) തൃശൂർ ഒന്നാം അഡീഷനല്‍ അസിസ്റ്റൻറ് സെഷന്‍സ് ജഡ്ജി സി.എസ്. അമ്പിളി ശിക്ഷിച്ചത്.
മയക്കുമരുന്ന് ചേര്‍ത്ത ജ്യൂസ് നല്കി വിജനമായ പറമ്പില്‍ കൊണ്ടുപോയി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഷൈനിനെ കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലുമാസം അധിക തടവ് അനുഭവിക്കണം.
2011 ഡിസംബര്‍ 24ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന യുവതി വീട്ടിലേക്ക് ബസ് കയറാന്‍ ശക്തന് തമ്പുരാന് നഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിൽക്കുമ്പോള് പരിചയക്കാരനും ഓട്ടോ ഡ്രൈവറുമായിരുന്ന പ്രതി ഓട്ടോയില്‍ കയറ്റുകയും ക്ഷീണം മാറുമെന്ന് പറഞ്ഞ് കൈയിലുണ്ടായിരുന്ന മാംഗോ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കുടിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഓട്ടോക്കുള്ളില്‍ മയങ്ങി വീണ യുവതിയെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ യുവതി വിവരങ്ങള്‍ പറയുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
Read Also : അമിതമായ ഉറക്കത്തിനും ക്ഷീണത്തിനും കാരണം ഈ രോഗം ആകാം
പീച്ചി സബ് ഇന്‍സ്പെക്ടറായ വി.എ. ഡേവിസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ഒല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന എം.കെ. കൃഷ്ണനാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വർധിച്ചു വരുന്ന ഈ കാലയളവില്‍ സമൂഹത്തിന് മാതൃകയാകുന്ന വിധത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്കണമെന്നുള്ള പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതിയുടെ വിധി പ്രസ്താവം.
Post Your Comments