ThiruvananthapuramKeralaLatest NewsIndiaNews

പാടത്ത് പണിയെടുക്കുന്നവരുടെ കരുത്ത് ഒന്നുകൂടി രാജ്യം തിരിച്ചറിഞ്ഞു: ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാടത്ത് പണിയെടുക്കുന്നവരുടെ കരുത്ത് ഇന്ത്യ ഒന്നുകൂടി തിരിച്ചറിഞ്ഞിരിക്കുകയാണെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും പ്രതിപക്ഷ നേതാവ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. കര്‍ഷകരോടോ രാജ്യത്തോടോ മോദി സര്‍ക്കാരിനോ സംഘപരിവാറിനോ എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

Read Also : സഹോദരി ഫോണില്‍ നിന്ന് ബ്ലൂവെയില്‍ ഗെയിം ഡിലീറ്റ് ചെയ്തു: സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിച്ച് വിദ്യാര്‍ത്ഥി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ ചെറുത്ത് നില്‍പ്പിന് മുന്നില്‍ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നിരിക്കുന്നു. കാലിനടിയിലെ മണ്ണൊലിച്ച് പോകുന്നുവെന്ന് രണ്ട് പ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍ തിരിച്ചറിഞ്ഞതിനപ്പുറം കര്‍ഷകരോടോ രാജ്യത്തോടോ മോദി സര്‍ക്കാരിനോ സംഘപരിവാറിനോ എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെന്ന് കരുതുക വയ്യ. അത്രക്ക് ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍. അംഗബലത്തിന്റെ ശക്തിയില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരെയാണ് ഒരു വര്‍ഷമായി പൊരുതുന്ന കര്‍ഷകര്‍ പരാജയപ്പെടുത്തിയത്. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. സാധാരണക്കാരന്റെ അസാധാരണ ഇച്ഛാശക്തിയുടെ വിളംബരമാണ്. നിസ്വരുടെ ത്യാഗത്തിന്റെ തിളക്കമാണ്.

തണുപ്പും വെയിലും മഴയും സഹിച്ച്, ക്രൂരമായ ആക്രമണങ്ങളെ നേരിട്ട് അനേകായിരങ്ങള്‍ തെരുവില്‍ പ്രതിഷേധിച്ച ഈ മാസങ്ങളെ എങ്ങനെ മറക്കാനാകും. പാടത്ത് പണിയെടുക്കുന്നവരുടെ കരുത്ത് ഇന്ത്യ ഒന്നുകൂടി തിരിച്ചറിയുകയായിരുന്നു. മണ്ണില്‍ കാലുറച്ചു നില്‍ക്കുന്നവരുടെ ബോധ്യങ്ങളുടെ ഉറപ്പ് എത്ര വലുതാണെന്ന് അവര്‍ പഠിപ്പിച്ചു. ഈ സമരത്തിന്റെ തുടക്കം മുതല്‍ കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പം നിന്നു. മൂന്ന് കരിനിയമങ്ങളും പിന്‍വലിച്ചേ മതിയാകൂ എന്ന് ശക്തമായി, നിരന്തരമായി പറഞ്ഞ ഒരു ജനനേതാവെ ഇന്ത്യയിലുള്ളൂ രാഹുല്‍ ഗാന്ധി. സമരമുഖത്തേക്ക് വീണ്ടും വീണ്ടും രാഹുലും പ്രിയങ്കയും കടന്നു ചെന്നു. സമരത്തിന് വിട്ടുവീഴ്ചയില്ലാത്ത പിന്തുണ നല്‍കി. ജീവന്‍ ബലി കഴിച്ചവരുടെ കുടുംബങ്ങളെ നേരില്‍ കണ്ടു. അവരെ തടയാന്‍, തല്ലാന്‍, തിരിച്ചോടിക്കാന്‍, അപമാനിക്കാന്‍ എന്തൊരു വ്യഗ്രതയായിരുന്നു യോഗി മോദി കൂട്ടുകെട്ടിന്.

നീതിയും സത്യവും ഏതു കഠിന പരീക്ഷണങ്ങള്‍ക്കൊടുവിലും ജയിക്കും. ജാലിയന്‍വാലാ ബാഗിന്റെ സമര രക്തമുള്ളവരെ ലഖിംപൂരില്‍ വണ്ടി കേറ്റി കൊല്ലാന്‍ ഇറങ്ങി തിരിച്ചവര്‍ക്ക് ചരിത്രത്തിന്റെ ഗതിവേഗങ്ങളോ പൊള്ളുന്ന പാഠങ്ങളോ തിരിയില്ല. മതാത്മകതയുടെ ഇരുളകങ്ങളില്‍ രാഷ്ട്രീയത്തെ എന്നും തളക്കാമെന്ന മൗഢ്യവും അവസാനിച്ചു. പാടത്തും പണിശാലയിലും കലാലയത്തിലും തെരുവിലും മനുഷ്യപക്ഷമായ രാഷ്ട്രീയം ഉജ്ജ്വലമായി തിരികെയെത്തും. അവരുടെ ഇന്‍ക്വിലാബുകളില്‍, ജയ് കിസാന്‍ വിളികളില്‍ രാജ്യത്തിന്റെ അന്തരംഗം മിടിച്ചുണരും. ചെറുത്തു നില്‍പ്പുകള്‍ എത്ര ആശാവഹമാണ്, സമര പോരാട്ടങ്ങള്‍ എത്ര ജീവദായകമാണ്, രക്തസാക്ഷിത്വങ്ങള്‍ എത്ര ഉജ്ജ്വല പ്രകാശമാണെന്ന് ഇന്ത്യയിലെ കര്‍ഷകര്‍ തെളിയിച്ചിരിക്കുന്നു. ഇന്നിന്റെയും നാളെയുടെയും പോരാട്ടങ്ങള്‍ മണ്ണിലുറച്ചു നിന്നുള്ളവയും അടിസ്ഥാന അവകാശങ്ങള്‍ക്കു വേണ്ടിയുള്ളവയുമാണ്. ഗാന്ധിജിയുടെ വഴിയാണ് അത്. ഉറച്ച ബോധ്യങ്ങള്‍ക്കായുള്ള , നിലനില്‍പ്പിനായുള്ള ജനാധിപത്യത്തിനായുള്ള സത്യാന്വേഷണ പരീക്ഷണങ്ങള്‍ പഠിപ്പിച്ചു തന്ന കര്‍ഷക പോരാളികള്‍ക്ക് അഭിവാദനങ്ങള്‍. അന്നം മാത്രമല്ല, നിങ്ങള്‍ തന്നത് ആത്മാഭിമാനം കൂടിയാണ്, നന്ദി. തോളോടുതോള്‍ ചേര്‍ന്ന് പോരാടാന്‍ ഓരോ കോണ്‍ഗ്രസുകാരനും കോണ്‍ഗ്രസുകാരിയും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും എന്നും എവിടെയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button