KeralaLatest NewsNews

എസ്ഡിപിഐയെ സംരക്ഷിക്കുന്നത് പിണറായി, കുറ്റവാളികളെ പിടിക്കണോ വേണ്ടയോ എന്നുള്ളത് പിണറായിയുടെ ആജ്ഞപ്രകാരം

പൊലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവ് ഡോ.കെ.എസ്.രാധാകൃഷ്ണന്‍

തിരുവനന്തപുരം : പാലക്കാട് ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ എസ്ഡിപിഐക്കാരെ പൊലീസ് പിടികൂടാത്തതില്‍ രൂക്ഷമായി പ്രതികരിച്ച് ബിജെപി നേതാവ് ഡോ.കെ.എസ് രാധാകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടക്കാരെ സംരക്ഷിക്കുകയാണ് പോലീസ് നയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആര്‍എസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സഞ്ജിത്ത് കൊല്ലപ്പെട്ട് അഞ്ച് ദിവസമായിട്ടും പ്രതികളെ പിടികൂടാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. അഭിമന്യുവിന്റെ കൊലപാതകത്തിലുള്‍പ്പടെ പോലീസ് കാണിച്ച നിഷ്‌ക്രിയത്വമുള്‍പ്പെടെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് രാധാകൃഷ്ണന്‍ പൊലീസിനെതിരെ രംഗത്ത് എത്തിയത്.

Read Also : സാധാരണക്കാരെ വലച്ച് സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു, വില പിടിച്ചു നിര്‍ത്താനാകാതെ പിണറായി സര്‍ക്കാര്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

‘കുറ്റവാളി സൗഹൃദത്തിന് കേളികേട്ട കേരള പോലീസ്, അതാണ് പിണറായി ഭരണത്തിന്റെ മുഖമുദ്ര. കുറ്റവാളി ആരായാലും മുഖ്യമന്ത്രിക്ക് താല്‍പ്പര്യമുള്ളവരാണെങ്കില്‍ കേസും അറസ്റ്റും ഉണ്ടാകില്ല. ഇനി, കേസെടുത്താലും പ്രതികള്‍ ഇഷ്ടക്കാരാണെങ്കില്‍ അവര്‍ക്ക് രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും എല്ലാ അവസരവും നല്‍കിയതിനുശേഷം മാത്രമേ പോലീസ് നടപടി സ്വീകരിക്കുകയുള്ളു. കുറ്റവാളികളോട് ഇത്രയ്ക്ക് അനുകമ്പയുള്ള പോലീസിനെ മറ്റെങ്ങും കാണാനാകില്ല’.

‘കുറ്റകൃത്യത്തിന്റെ ഇര ആരായാലും മുഖ്യമന്ത്രിക്ക് ഇഷ്ടക്കാരനായ കുറ്റവാളിയെ രക്ഷിക്കുക എന്നതാണ് പോലീസ് നയം. മഹാരാജാസ് കോളേജില്‍ എസ്ഡിപിഐക്കാര്‍ കുത്തിക്കൊന്ന അഭിമന്യു എസ്എഫ്ഐ സഖാവായിരുന്നു. അഭിമന്യുവിന് വേണ്ടി പണപ്പിരിവ് നടത്തി. വലിയ തുക പിരിഞ്ഞു കിട്ടി. അതിലൊരു ചെറിയ തുക അഭിമന്യുവിന്റെ കുടുംബത്തിന് ചോര പണമായി നല്‍കി. ബാക്കി പാര്‍ട്ടിയെടുത്തു. അഭിമന്യുവിനെ കൊന്ന എസ്ഡിപിഐക്കാരനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല’.

‘കോണ്‍ഗ്രസ്സുകാരനായ നൗഷാദിനെ കൊന്ന എസ്ഡിപിഐക്കാരും സുരക്ഷിതരാണ്. പോലീസും നിയമവും അവര്‍ക്കുമുന്നില്‍ തലകുനിച്ചു വിടുവേല ചെയ്യുന്നു. ആര്‍എസ്എസുകാരനായ സഞ്ജിത്തിനെ കൊന്നതും എസ്ഡിപിഐക്കാരാണ്. പരസ്യമായി പലവട്ടം കൊലവിളി നടത്തിയിട്ടാണ് അവര്‍ കൊല നടത്തിയത്. പ്രതികള്‍ എസ്ഡിപിഐക്കാരായതു കൊണ്ട് പിണറായി പോലീസ് അറസ്റ്റ് ചെയ്തില്ല. അവര്‍ക്കും സുരക്ഷിതരായി കഴിയാനുള്ള പഴുതൊരുക്കുകയാണ് പോലീസ് നയം’.

‘എസ്ഡിപിഐക്കാര്‍ കൊന്നാലും കൊല വിളിച്ചാലും കേസ്സെടുക്കേണ്ട എന്നാണ് പോലീസിന്റെ തീരുമാനം. എസ്ഡിപിഐക്കാര്‍ അല്ലാത്ത, സ്വാധീനമുള്ള കുറ്റവാളികള്‍ക്കും പിണറായി പോലീസ് സുരക്ഷയൊരുക്കും. രണ്ട് മോഡലുകള്‍, ദുരൂഹസാഹചര്യത്തില്‍, പാതിരാത്രി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയിക്കാവുന്ന എല്ലാ പ്രതികള്‍ക്കും രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും എല്ലാ അവസരവും നല്‍കിയതിനു ശേഷമാണ് പോലീസ് അനങ്ങി തുടങ്ങിയത്. പത്തു ദിവസത്തിനു ശേഷമാണ് പ്രതിയായ ഹോട്ടല്‍ ഉടമയെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് തേയില സല്‍ക്കാരം നടത്തി പറഞ്ഞുവിട്ടത്. പോലീസിന്റെ തിരക്കഥ അനുസരിച്ച് ഉടമ അഭിനയിച്ചു, പോലീസിന്റെ കനിവ് കൊണ്ട് പ്രതികള്‍ക്ക് ജാമ്യവും കിട്ടി’.

‘വാളയാര്‍ പെണ്‍കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയവര്‍ക്കും രക്ഷകരായി നിന്നത് പോലീസുതന്നെയാണ്. കൊലപാതകമല്ല ആത്മഹത്യയായിരുന്നു എന്നായിരുന്നു പോലീസിന്റെ ഭാഷ്യം. ഇങ്ങനെ എത്രയെത്ര കേസുകളിലാണ് കുറ്റവാളികള്‍ക്ക് കേരള പോലീസ് രക്ഷാകവചമെരുക്കുന്നത്. ഈ പോലീസ് നയം രൂപപ്പെടുത്തിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് ആര്‍ക്കും ഒരു ചുക്കുമറിയില്ല എന്നു പറയുന്നത് എത്രയോ ശരി’.

‘കാല്‍ ഡസന്‍ ജയരാജന്മാര്‍, ഒരു ജോഡി കാരായിമാര്‍ ഒരേയൊരു ഗോവിന്ദന്‍ മാഷ്, എല്ലാവര്‍ക്കും മുകളില്‍ രാജാപാര്‍ട്ട് രംഗദുരൈ ആയി പിണറായി. ഇവര്‍ക്ക് മാത്രമെ ഈ പാര്‍ട്ടി രഹസ്യം മനസ്സിലാവുകയുള്ളു. ആറാം ഇന്ദ്രിയം കൊണ്ട് ഇക്കാര്യം മനസ്സിലാക്കിയിട്ടുള്ള സാംസ്‌കാരിക നായകരുണ്ട്. അവര്‍ ഇനി സംസാരിക്കണമെങ്കില്‍ ഇടതുപക്ഷം അധികാരത്തില്‍നിന്നും പോകണം. അതുവരെ വായിക്ക് രുചിയായി എന്തെങ്കിലും തിന്നാന്‍ കിട്ടിയാല്‍ അതും ചവച്ച് മിണ്ടാതിരിക്കുന്നവരാണ് ഇക്കൂട്ടര്‍’.

‘ഇവര്‍ക്കെല്ലാം ഇസ്ലാമിക തീവ്രവാദികളെയും അവര്‍ക്ക് സുരക്ഷ ഒരുക്കുന്ന പോലീസ് മന്ത്രി കൂടിയായ പിണറായി വിജയനെയും ഭയമാണ്. മാത്രമല്ല, ഭയസഹിതരായി കഴിയുന്നത് ലാഭകരവുമാണ്. ലാഭമോ, നീതിയോ ഏതുവേണമെന്ന ചോദ്യത്തിന് ‘ലാഭം മതി’ എന്നാണ് ഈ ഇടതു ശിങ്കങ്ങള്‍ ഒരേസ്വരത്തില്‍ മുരുളുന്നതെന്നും അദ്ദേഹം പറഞ്ഞു’.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button