
കൊച്ചി: മുന്‍ മിസ് കേരള വിജയികളടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ സൈജു തങ്കച്ചന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് സൈജു മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മോഡലുകളെ ഓഡി കാറില്‍ പിന്തുടര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് സൈജുവിനെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. താന്‍ പിന്തുടര്‍ന്നത് കൊണ്ടല്ല അപകടം സംഭവിച്ചതെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനാണ് താന്‍ ശ്രമിച്ചതെന്നുമാണ് സൈജുവിന്റെ വാദം.
ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് മോഡലുകള്‍ ഉള്‍പ്പെടെയുള്ളവരെ പരിചയപ്പെട്ടതെന്ന് സൈജു പറയുന്നു. പാര്‍ട്ടി കഴിഞ്ഞ് താന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മോഡലുകളും സുഹൃത്തുക്കളും ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങിയത്. സംഘത്തിലുണ്ടായിരുന്ന അബ്ദുള്‍ റഹ്മാന്‍ നന്നായി മദ്യപിച്ചിരുന്നതിനാല്‍ റഹ്മാനോട് വാഹനമോടിക്കരുതെന്ന് വിലക്കുകയായിരുന്നുവെന്നും എന്നാല്‍ അത് വകവെയ്ക്കാതെ നാലംഗസംഘം കാറുമായി ഹോട്ടലില്‍ നിന്ന് പോയെന്നും സൈജു വ്യക്തമാക്കുന്നു.
പിന്നീട് കുണ്ടന്നൂര്‍ ജംഗ്ഷനില്‍ വച്ച് നാലംഗസംഘം സഞ്ചരിച്ചിരുന്ന കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവരോട് വാഹനം ഓടിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് സൈജു പറയുന്നു. എന്നാല്‍ തന്റെ വാക്ക് കേള്‍ക്കാതെ ഇവര്‍ തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് പോകുകയും അപകടം സംഭവിക്കുകയും ചെയ്തുവെന്നാണ് സൈജു ജാമ്യഹര്‍ജിയില്‍ പറയുന്നത്.
Post Your Comments