എലത്തൂർ : പൂളാടിക്കുന്ന്- മലാപ്പറമ്പ് ദേശീയപാതയിൽ മൊകവൂരിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാങ്കാവിലെ ഷീന സ്റ്റുഡിയോ മുൻ ഉടമ പരേതനായ വളയനാട് വട്ടോളിപമ്പിൽ പെരുന്തൊടി ദാമോദരന്റെ മകൻ ഷാജി (50) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
പരിക്കേറ്റ പിക്കപ് വാൻ ഡ്രൈവർ നിലമ്പൂർ സ്വദേശി അമീർ (26), ഷാജിക്കൊപ്പം കാറിലുണ്ടായിരുന്ന ബേപ്പൂർ അരയംവീട്ടിൽ സബീഷ് (39), മാങ്കാവ് കൃഷ്ണാലയത്തിൽ കിഷൻ (20), അരക്കിണർ ബി.പി. ഹൗസിൽ നൗഷാദ് (52), പന്തീരങ്കാവ് തെക്കേലകത്തിൽ സുനീർ (48) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ട്രാഫിക് എസ്.ഐയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ പൊലീസ് മർദിച്ചെന്ന് പരാതി : ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചൊവ്വാഴ്ച പുലർച്ചെ 5.30 ന് മൊകവൂർ ക്ഷേത്രത്തിനടുത്താണ് അപകടമുണ്ടായത്. ഷാജിയും സുഹൃത്തുക്കളും കാസർഗോഡ് നിന്നും ജോലി കഴിഞ്ഞു വരുകയായിരുന്നു. എടവണ്ണപാറയിൽ നിന്ന് ഫർണിച്ചറുമായി വടകരക്കു പോകുകയായിരുന്നു വാനുമായിട്ടാണ് കാർ കൂട്ടിയിടിച്ചത്.
അപകടമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ എലത്തൂർ പൊലീസും ഫയർയൂണിറ്റും രണ്ട് ആംബുലൻസുകളിലായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഷാജി മരിച്ചത്. വന്ദനയാണ് ഷാജിയുടെ ഭാര്യ. സഹോദരങ്ങൾ: രോഷ്നി കൃഷ്ണകുമാർ (ദുബായ്), പരേതനായ അഭിലാഷ്. സംസ്കാരം ബുധനാഴ്ച 11ന് മാങ്കാവ് ശ്മശാനത്തിൽ നടക്കും.
Post Your Comments