കൊച്ചി: ദേശീയപാത ഉപരോധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിനിടയിൽ പ്രതിഷേധവുമായി എത്തിയ നടൻ ജോജു ജോർജിനെതിരെ ആരോപണങ്ങളുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സമരത്തിനിടയിലേക്ക് നടൻ ജോജു ജോർജ് വന്നു കയറിയത് യാദൃച്ഛികമായല്ലെന്ന് സംശയമുണ്ടായിരുന്നതായും അന്നു വെളുപ്പിന് ഉണ്ടായ സംഭവങ്ങളെ മറയ്ക്കുന്നതിനായാണു സമരത്തിനിടെ പ്രശ്നങ്ങൾ ഉണ്ടാക്കിയത് എന്നാണ് അറിയാനായതെന്നും ഷിയാസ് പറഞ്ഞു. അന്നു പുലർച്ചെ അപകടത്തിൽ മരിച്ച മുൻ മിസ് കേരള ഉള്‍പ്പടെയുള്ളവർ പങ്കെടുത്ത ഡിജെ പാർട്ടിയിൽ നടൻ ജോജു പങ്കെടുത്തിരുന്നോ എന്നത് പോലീസ് അന്വേഷിക്കണമെന്നും മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
‘ഇക്കാര്യത്തിൽ നേരത്തെ സംശയമുണ്ടായിരുന്നെങ്കിലും കൃത്യമായ വിവരങ്ങൾ അറിയുന്നതിനു വേണ്ടിയാണു കാത്തിരിക്കുന്നത്. അന്നു രാത്രി ആരൊക്കെയാണ് നമ്പർ 18 ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയിൽ പങ്കെടുത്തത് എന്നതിൽ പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ല എന്നാണ് വ്യക്തമാകുന്നത്. അന്വേഷണം അട്ടിമറിക്കാനാണ് തുടക്കം മുതൽ പോലീസ് ശ്രമിക്കുന്നത്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഈ കേസ് അന്വേഷിച്ചിട്ട് ഒരു കാര്യവുമില്ല. ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരോ അവരുടെ മക്കളൊ ഒക്കെയുണ്ടാകാം. അല്ലെങ്കിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ടവർ ഉണ്ടാകും. കേസ് തേച്ചുമായ്ച്ചു കളയാൻ പോലീസിനു വലിയ സമ്മർദമുണ്ട്.’ ഷിയാസ് പറഞ്ഞു.
ജോജു അന്നു കാണിച്ചതെല്ലാം സാധാരണ ഒരു മനുഷ്യൻ കാണിക്കുന്നതു പോലെയുള്ള കാര്യങ്ങളല്ലായിരുന്നുവെന്നും ജോജു സമരത്തിൽ വന്നുണ്ടാക്കിയ ബഹളം ആർക്കു വേണ്ടിയാണ് എന്നത് അന്വേഷണം കഴിയുമ്പോൾ പുറത്തു വരണമെന്നും ഷിയാസ് കൂട്ടിച്ചേർത്തു. കുട്ടികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിനു പിന്നിൽ ആരെല്ലാമാണ് എന്ന് അറിയണമെന്നും കോൺഗ്രസിന്റെ സമരത്തെ അവരെ രക്ഷപ്പെടുത്താൻ ചിലർ ആയുധമാക്കുകയായിരുന്നുവെന്നും ഷിയാസ് പറഞ്ഞു. അന്നത്തെ സംഭവം ബോധപൂർവമായി ഉണ്ടാക്കിയതാണ് എന്നതിനാൽ പോലീസ് ഗൗരവത്തോടെ അന്വേഷണം നടത്തണം എന്നാണ് ഡിസിസിയുടെ ആവശ്യമെന്നും ഷിയാസ് കൂട്ടിച്ചേർത്തു.
Post Your Comments