തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി കെ അനന്തഗോപനും ബോര്‍ഡ് അംഗമായി മനോജ് ചരളേലും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എന്നാൽ മനോജ് ചരളേലിന്റ നിയമനം ഇതിനകം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. നേരത്തെ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെ ജാതി അധിക്ഷേപം നടത്തുകയും വലിയ വിമര്‍ശനം നേരിടുകയും ചെയ്ത നേതാവാണ് മനോജ് ചരളേല്‍. നിലവില്‍ സിപിഐ പത്തനംതിട്ട ജില്ലാ കൗണ്‍സിലംഗം കൂടിയാണ് മനോജ്. രാവിലെ 10.15ന് തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫെറന്‍സ് ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
പ്രതിശ്രുത വധുവുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ചിറ്റയം ഗോപകുമാറിനെതിരായ മനോജിന്റെ പരാമര്‍ശം. പുറത്തായ ഫോണ്‍ സംഭാഷണത്തില്‍ അടൂര്‍ റവന്യൂ സ്‌ക്കൂള്‍ കലോത്സവത്തിന് മുന്നോടിയായുളള റാലിക്ക് പോയില്ലേയെന്ന യുവതിയുടെ ചോദ്യത്തോടെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ച സംഭാഷണം ആരംഭിക്കുന്നത്. സമ്മേളന അധ്യക്ഷന്‍ എംഎല്‍എയാണെന്ന് യുവതി പറഞ്ഞതോടെയായിരുന്നു ജാതി അധിക്ഷേപം. സംഭവം വിവാദമായതോടെ മനോജിനെ അന്ന് പാര്‍ട്ടിയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
എന്നാല്‍ അതിന് ശേഷം പാര്‍ട്ടി നേതൃത്വത്തില്‍ തിരിച്ചെത്തിയ മനോജ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും കൊറ്റനാട് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എംഎല്‍എയെ എന്നല്ല ഒരു സാധാരണ മനുഷ്യനെ പോലും ഇത്തരത്തില്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കരുതെന്നായിരുന്നു അന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംഭവത്തോട് പ്രതികരിച്ചത്. അഡ്വ. കെ അനന്തഗോപന്‍ പത്തനംതിട്ട ജില്ല മുന്‍ സെക്രട്ടറിയാണ്. നേരത്തെ ജില്ലയില്‍ നിന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.
Post Your Comments