തിരുവനന്തപുരം : കാലാവസ്ഥയിലെ മാറ്റങ്ങള്‍ ഇപ്പോള്‍ ന്യൂനമര്‍ദ്ദങ്ങളിലും പ്രതിഫലിക്കുന്നു. അറബി കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഒന്നിനു പുറകെ ഒന്നായി രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങള്‍ കാലാവസ്ഥാ നിരീക്ഷകരെപ്പോലും ആശങ്കയിലാഴ്ത്തുന്നു. ഇതുമൂലം പ്രവചനങ്ങളുടെ കൃത്യതയും കുറയുന്നു. രണ്ടു കടലുകളിലുമായി 2 ന്യൂനമര്‍ദ്ദമേഖലകളാണ് നിലവില്‍ മഴപ്പാത്തികളെ സജീവമാക്കുന്നത്.
അറബിക്കടലില്‍ ഗോവ തീരത്തോടു ചേര്‍ന്ന് 17നു രൂപപ്പെടാന്‍ പോകുന്ന ന്യൂനമര്‍ദ്ദമാണ് ഇതില്‍ ഒന്ന്. ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ ഭാഗത്തു ശക്തമായിക്കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദമാണ് രണ്ടാമത്തേത്. ഈ രണ്ടു ന്യൂനമര്‍ദ്ദങ്ങളിലേക്കും മേഘങ്ങള്‍ പരസ്പരം ആകര്‍ഷിക്കപ്പെടും. ഈ മേഘപ്പകര്‍ച്ച കേരളത്തിനു മുകളിലൂടെ സഞ്ചരിച്ചതാണ് മധ്യകേരളത്തെ പൂര്‍ണമായും മഴയില്‍ മുക്കിയതെന്നു നിരീക്ഷകര്‍ പറയുന്നു.
ഗോവ തീരത്തെ ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നതിനാല്‍ ഉത്തരകേരളത്തിലേക്കാവും ഇനി മഴയുടെ ശക്തി വഴിമാറുക. എന്നാലും തെക്കന്‍-മധ്യ കേരളത്തില്‍ ചിലയിടങ്ങളില്‍ മഴ പ്രതീക്ഷിക്കാം. രാത്രിയിലും പുലര്‍ച്ചെയുമാവും കൂടുതല്‍. ചൊവ്വാഴ്ചയോടെ മധ്യകേരളത്തിലെ മഴയ്ക്കു നേരിയ ശമനം ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) പറയുന്നു.
Post Your Comments