റാന്നി: സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യയുടെ സ്വർണവും പണവുമായി മുങ്ങിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. റാന്നി പുതുശ്ശേരിമലയിൽ ഫിറോസ് നിവാസിൽ റഹീം (65) ആണ് അറസ്റ്റിലായത്. ഭാര്യയുടെ 10 പവൻ സ്വർണാഭരണവും പണവും അലമാര വെട്ടിപ്പൊളിച്ച് മോഷ്ടിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു.
മോഷണം അറിഞ്ഞ് പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ ഞാൻ പോകുന്നു എന്നെഴുതിയ കത്ത് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് മോഷ്ടാവ് ഭർത്താവാണെന്ന് വ്യക്തമായത്.
സ്വർണാഭരണങ്ങൾ പകുതി വിൽക്കുകയും ബാക്കി പണയംവെക്കുകയും ചെയ്തതായി തെളിഞ്ഞു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കിയിരുന്നു. ഇയാള്‍ സഞ്ചരിച്ച സ്ഥലത്തെ ഒരാളുടെ മൊബൈൽ ഫോണിൽ നിന്ന് ബന്ധുവിനെ വിളിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇയാൾ 10 ദിവസത്തിനുള്ളിൽ 50,000 രൂപ ചെലവാക്കിയതായി പൊലീസ് പറഞ്ഞു.
ഇയാൾക്കായി റാന്നി പൊലീസ് ഏകദേശം നൂറോളം ലോഡ്ജുകളിലാണ് പരിശോധന നടത്തിയത്. തുടർന്ന് ആറ്റിങ്ങലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇൻസ്പെക്ടർ എം.ആര്. സുരേഷിന്റെ നേതൃത്തിൽ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ മണിലാൽ, വിനോദ്, വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് ഒരുലക്ഷം രൂപ പിടിച്ചെടുത്തു.
Post Your Comments