തിരുവനന്തപുരം : കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാരത്തിനെതിരെ പോലീസിൽ പരാതി നൽകി യുവമോർച്ച. ഇന്ത്യയുടെ പ്രതിനിധിയായി കാവി പുതച്ച പശുവിനെ വരച്ച കാർട്ടൂൺ ചിത്രത്തിനെതിരെയാണ് യുവ മോർച്ച സംസ്ഥാന സെക്രട്ടറി ബി. ജി. വിഷ്ണു പരാതി നൽകിയത്. ഡിജിപിക്കാണ് പരാതി സമർപ്പിച്ചത്. രാജ്യത്തെ മൊത്തമായി അപമാനിക്കുന്ന തരത്തിലുള്ള ചിത്രത്തിന് സംസ്ഥാന സർക്കാർ പുരസ്‌കാരം നൽകിയതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് പരാതിയുമായി യുവമോർച്ച രംഗത്തെത്തിയത്. കാർട്ടൂണിസ്റ്റായ അനൂപ് രാധാകൃഷ്ണൻ, കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, അക്കാഡമി സെക്രട്ടറി എന്നിവർക്കെതിരെയാണ് പരാതി. രാജ്യത്തെ അപമാനിക്കാൻ കരുതിക്കൂട്ടിയാണ് ഇത് ചെയ്തത് എന്ന് പരാതിയിൽ ആരോപിക്കുന്നു.‘കോവിഡ് 19 ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ്’ എന്ന തലക്കെട്ടിൽ വരച്ച കാർട്ടൂണിലാണ് ഇന്ത്യയുടെ പ്രതിനിധിയായി കാവി പുതച്ച പശുവിനെ ചിത്രീകരിച്ചത്.
ഇംഗ്ലണ്ട്, ചൈന, യുഎസ്എ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ മനുഷ്യരൂപത്തിൽ വരച്ചതിനൊപ്പമാണ് ഇന്ത്യയുടെ പ്രതിനിധിയെ പശുവായി ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് കേരള സർക്കാർ ഓണറബിൾ പുരസ്‌കാരം നൽകുകയും ചെയ്തു.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം കൈവരിച്ച നേട്ടത്തെ ലോകരാജ്യങ്ങൾ പോലും പ്രശംസിച്ചപ്പോൾ, ഇത്തരം കലാസൃഷ്ടികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കേരളം രാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്ന വിമർശനങ്ങൾ നേരത്തെ ഉയർന്നിരുന്നു.
Post Your Comments