കൊച്ചി: മുന്‍ മിസ് കേരള ജേതാക്കളായ യുവതികളുടെ അപകട മരണത്തില്‍ അടിമുടി ദുരൂഹത. എല്ലാ നിഗൂഢതകളുടെയും കേന്ദ്രമായി ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ മാറുകയാണ്. ഈ ഹോട്ടല്‍ കേന്ദ്രീകരിച്ചു നടന്ന പ്രശ്‌നങ്ങളാണ് യുവതികള്‍ അര്‍ദ്ധരാത്രിയില്‍ അതിവേഗത്തില്‍ നിരത്തിലൂടെ ചീറിപ്പായാനും മറ്റും ഇടയാക്കിയത് എന്ന സൂചനകളാണ് പുറത്തുവരുന്നത്. അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. ഇതെല്ലാം തന്നെ അപകടത്തെ കൂടുതല്‍ ദൂരൂഹമാക്കുന്നതാണ്.
അവര്‍ മാറി നിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് എന്തിനായിരുന്നു എന്ന ഉത്തരമാണ് ലഭിക്കേണ്ടത്. നമ്പർ 18 ഹോട്ടല്‍ ഉടമ റോയി ആണ് ഇത്തരത്തില്‍ നിരീക്ഷിച്ചു മടങ്ങിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യത്തിലടക്കം പൊലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. അതേസമയം കുണ്ടന്നൂരില്‍ വെച്ച് ഔഡി കാറിലുണ്ടായിരുന്നവര്‍ അന്‍സിയുടെ കാറിനെ തടയുകയും മുന്നോട്ട് പോകരുതെന്നും തിരികെ ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടു എന്നുമാണ് ലഭിക്കുന്ന വിവരം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ചക്കരപ്പറമ്പ് ഭാഗത്തുവരെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഇതില്‍ നിന്നുമാണ് ഔഡി കാര്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ മുതല്‍ അപകട സ്ഥലംവരെ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നതായുള്ള വിവരം ലഭിച്ചത്. അതേസമയം ചിലർ സോഷ്യൽ മീഡിയയിലൂടെ മനഃപൂർവ്വം യുവതികളെ അധിക്ഷേപിക്കാനും ശ്രമിച്ചിരുന്നു. ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നും കെ.എല്‍ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡികാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. ഹോട്ടലില്‍ നിന്നും ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ഔഡി കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സൈജുവിനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് ഹോട്ടലില്‍ നിന്നും ഔഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നത് എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.
പ്രാഥമിക വിവരശേഖരണത്തില്‍ അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പൊലീസിന് മൊഴി നല്‍കിയത്. എന്നാൽ ഈ മൊഴി മാത്രം വിശ്വാസത്തിലെടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഹോട്ടലുടമ റോയി ഒളിപ്പിക്കുകയായിരുന്നു. പൊലീസ് രണ്ട് തവണ ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ ചോദ്യം ചെയ്യുമ്പോഴാണ് ഡി.വി.ആര്‍ ഹോട്ടലുടമ ഒളിപ്പിച്ചതായി മൊഴി നല്‍കിയത്. റോയിയോട് പൊലീസിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.
Post Your Comments