Latest NewsNewsInternational

അഫ്ഗാനില്‍ പള്ളിയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം

കാബൂള്‍: അഫ്ഗാനില്‍ തുടര്‍ച്ചയായി ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനം. വെളളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ നംഗഹാര്‍ പ്രവിശ്യയിലെ സ്പിന്‍ഘര്‍ ജില്ലയിലെ ഷാദല്‍ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. പള്ളിയിലെ പുരോഹിതനും പ്രാര്‍ത്ഥനയ്ക്കെത്തിയവരും ഉള്‍പ്പെടെ 15 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മാരക സ്ഫോടക വസ്തുവായ ഐഇഡി പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം. സംഭവ സ്ഥലത്ത് ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവരെത്തി പരിശോധന നടത്തി. സ്ഫോടനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കൂടാതെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഉച്ചയ്ക്ക് 1.30 ഓടെയാണ് പള്ളിയുടെ അകത്ത് സ്ഫോടനം നടന്നത്.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികള്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഐഇഡി ഘടിപ്പിച്ച് പള്ളിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. അഫ്ഗാനില്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ കാബൂളിലെ ഷിയാ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. സമാനമായ രീതിയില്‍ ഓഗസ്റ്റില്‍ കാബൂളിലുണ്ടായ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button