തിരുവനന്തപുരം: മഅ്ദനിയുടെ മോചനം അനിവാര്യതയാണെന്നും മഅ്ദനിയെ മറ്റൊരു സ്റ്റാൻ സ്വാമിയാക്കരുതെന്നും മന്ത്രി ജിആർ അനിൽ. കേരള സിറ്റിസൺ ഫോറം ഫോർ മഅ്ദനി സംഘടിപ്പിച്ച മഅ്ദനി ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിയോജിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന അപകടകരമായ പ്രവണത അലങ്കാരമാക്കിയ ഭരണകൂടം മഅ്ദനിയെ മറ്റൊരു സ്റ്റാൻ സ്വാമിയാക്കാൻ നടത്തുന്ന നീക്കങ്ങൾ ജനാധിപത്യ പൗരാവകാശ സമൂഹങ്ങൾ ചെറുത്തുതോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിചാരണ പോലും നടത്താതെ അടിസ്ഥാനാവകാശങ്ങൾ നിഷേധിച്ച് തടവിലിടുന്നത് പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്നും അതിനാൽ മഅ്ദനിയുടെ മോചനം അനിവാര്യതയാണെന്നും മന്ത്രി പറഞ്ഞു. ജാമ്യമോ വിചാരണയോ ചികിത്സയോ നൽകാതെ സ്റ്റാൻ സ്വാമിയെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ പാപക്കറയിൽനിന്ന് ഭരണകൂടത്തെപ്പോലെ നീതിപീഠങ്ങൾക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതികളുടെ അനുശോചനമല്ല ദയയും നീതിയുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments