ഓയൂർ: പൂയപ്പള്ളി ജങ്ഷനിലെ മൊബൈൽ കടയിൽ മോഷണം. മോഷ്ടാവ് കട കുത്തിത്തുറന്ന് ഏഴു സ്മാർട്ട് ഫോണുകളും 15,000 രൂപയും കവർന്നു. പൂയപ്പള്ളി ചാവടിയിൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ആൽഫാ മൊബൈൽസിലാണ് മോഷണം നടന്നത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. നല്ലില സ്വദേശി ആശിഷ് ലൂക്കോസും സുഹൃത്ത് സിജോയും ചേർന്ന് നടത്തുന്നതാണ് മൊബൈൽ ഷോപ്പ്. ഷട്ടറിന്റെ പൂട്ടുകൾ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും സ്മാർട്ട് ഫോണുകളും മോഷ്ടിക്കുകയായിരുന്നു. കൂടാതെ 10 കീപാഡുകൾ, ഹെഡ്സെറ്റുകൾ, ചാർജറുകൾ, ബ്ലുടൂത്ത് ഹെഡ്സെറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള 1,20,000 രൂപയുടെ സാധനങ്ങളും കവർന്നു.
Read Also:ആലപ്പുഴയിൽ മയക്കുമരുന്നുമായി ഏഴ് യുവാക്കൾ അറസ്റ്റിൽ : പിടിയിലായത് റിസോർട്ടിൽ വിൽപനയ്ക്കിടെ
കടയുടമയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലത്തു നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. പൂയപ്പള്ളി സി.ഐ. രാജേഷ് കുമാർ, എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
Post Your Comments