ഇസ്ലാമബാദ്: മുന്‍ പാകിസ്ഥാന്‍ പേസ് ഇതിഹാസം ഷൊയ്ബ് അക്തറും പാകിസ്ഥാന്‍ ടെലിവിഷന്‍ കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കം മുറുകുന്നു.
ഞായറാഴ്ച, വാര്‍ത്താ ചാനല്‍ താരത്തിനെതിരെ 4 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ചതായി റിപ്പോര്‍ട്ട്. എഎന്‍ഐ റിപ്പോര്‍ട്ട് പ്രകാരം, പിടിവി (ptv) സ്‌പോര്‍ട്‌സിലെ ചര്‍ച്ചയില്‍ നിന്ന് കഴിഞ്ഞ മാസം ഷൊയ്ബ് അക്തര്‍ ഇറങ്ങിപ്പോയിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം ചാനലിലെ ക്രിക്കറ്റ് അനലിസ്റ്റ് സ്ഥാനവും രാജി വച്ചു.
ചാനലുമായുള്ള വ്യവസ്ഥകളില്‍ ലംഘനം നടത്തിയാണ് താരം രാജി വച്ചതെന്നാണ് ചാനലിന്റെ വാദം.കഴിഞ്ഞ മാസം, ഒരു ലൈവ് ഷോയില്‍ നിന്ന് അവതാരകനായ ഡോ. നൗമാന്‍ നിയാസുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അക്തര്‍ ഇറങ്ങിപ്പോയതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ ഉടലെടുത്തത്. വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ്, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ഗോവര്‍, മുന്‍ പാകിസ്ഥാന്‍ വനിതാ ക്യാപ്റ്റന്‍ സന മിര്‍, മുന്‍ ഫാസ്റ്റ് ബൗളര്‍ ഉമര്‍ ഗുല്‍ എന്നിവരും ചര്‍ച്ചാ പാനലില്‍ പങ്കെടുത്തിരുന്നു.
സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ ഇരുകൂട്ടരും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന്‍ ചേസിംഗില്‍ കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് അക്തറിനോട് ചോദിച്ചതിനു പിന്നാലെയാണ് പ്രശ്‌നം വഷളായത്. എന്നാല്‍, അവതാരകന്റെ ചോദ്യം അവഗണിച്ച അക്തര്‍, പേസര്‍ ഹാരിസ് റൗഫിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അക്തറിനോട് അമര്‍ഷം തോന്നിയ നൗമാന്‍ ‘നിങ്ങള്‍ അല്‍പം പരുഷമായി പെരുമാറുന്നു. എനിക്ക് ഇത് പറയാന്‍ താല്‍പ്പര്യമില്ല, പക്ഷേ ഓവര്‍ സ്മാര്‍ട്ടാകാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ക്ക് പോകാം. ഞാന്‍ ഇത് ഓണ്‍ എയറിലാണ് പറയുന്നത്’ എന്ന് പറഞ്ഞു.
അവതാരകന്റെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച അക്തര്‍ സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ‘ക്ലോസ് 22 അനുസരിച്ച്, മൂന്ന് മാസത്തിന് മുമ്പ് രേഖാമൂലമുള്ള അറിയിപ്പ് നല്‍കുകയോ അല്ലെങ്കില്‍ അതിന് പകരമായി പണമടച്ച് കരാര്‍ അവസാനിപ്പിക്കുകയോ ചെയ്താല്‍ മാത്രമേ ചാനലുമായുള്ള കരാര്‍ റദ്ദാക്കാനാകൂ. അതേസമയം, ഒക്ടോബര്‍ 26ന് ഷൊയ്ബ് അക്തര്‍ ചാനലില്‍ നിന്ന് ഇറങ്ങിപ്പോയത് പിടിവിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി’ എന്ന് ചാനല്‍ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ടി20 ലോകകപ്പ് സംപ്രേഷണ വേളയില്‍ പിടിവിസി മാനേജ്‌മെന്റിനെ മുന്‍കൂര്‍ അറിയിക്കാതെ ഷൊയ്ബ് അക്തര്‍ ദുബായ് വിട്ടു. കൂടാതെ, ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങിനൊപ്പം ഒരു ഇന്ത്യന്‍ ടിവി ഷോയില്‍ പ്രത്യക്ഷപ്പെട്ടതും പിടിവിക്ക് നികത്താനാകാത്ത നഷ്ടമുണ്ടാക്കിയെന്നും നോട്ടീസില്‍ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, 100 മില്യണ്‍ പാകിസ്ഥാന്‍ റുപ്പീസ് ( നാല് കോടി രൂപ) നഷ്ടത്തിനു പുറമെ മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ, 3,333,000 പാകിസ്ഥാന്‍ റുപ്പീസ് ( 14.5 ലക്ഷം രൂപ) നല്‍കാനും ചാനല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം, കോടതിയില്‍ അക്തറിനെതിരെ നിയമനടപടികള്‍ ആരംഭിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നും ചാനല്‍ വ്യക്തമാക്കി.
Post Your Comments