ന്യൂഡൽഹി: ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധവിമാന കരാറിലെ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തയ്ക്ക് റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍ 65 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഇതേക്കുറിച്ചുള്ള രേഖകള്‍ ലഭിച്ചിട്ടും സിബിഐ അന്വേഷണം നടത്തിയില്ലെന്നുമുള്ള ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടിന്റെ റിപ്പോര്‍ട്ട് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. 2007-2012 കാലഘട്ടത്തില്‍ യുപിഎ ഭരണകാലത്ത് അഴിമതി നടന്നെന്ന റിപ്പോര്‍ട്ട്, റഫാലില്‍ ബിജെപിക്കെതിരെ ശബ്ദമുയര്‍ത്തിയ കോണ്‍ഗ്രസിന് തിരിച്ചടിയാകുകയാണ്.
ബിജെപി സര്‍ക്കാരിന്റെ റഫാല്‍ കരാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഇപ്പോള്‍ പുറത്തുവന്ന അഴിമതി ആരോപണത്തിന് മറുപടി നല്‍കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്(ഐഎന്‍സി) എന്നാല്‍ ‘ഐ നീഡ് കമ്മിഷന്‍’ എന്നാണെന്ന് ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു. ‘യുപിഎ ഭരണകാലത്ത് എല്ലാ ഇടപാടുകള്‍ക്കിടയിലും അവര്‍ക്ക് മറ്റൊരു ഇടപാടും ഉണ്ടായിരുന്നു. എന്നിട്ടും അവര്‍ക്കൊരു കരാറുണ്ടാക്കാമോ നടപ്പാക്കാനോ കഴിഞ്ഞില്ല എന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.’
‘എന്തുകൊണ്ടാണ് റഫാല്‍ ഇടപാടില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നത് എന്നത് ഇറ്റലിയില്‍നിന്ന് രാഹുല്‍ ഗാന്ധി തന്നെ പറയട്ടെ. യുപിഎ സര്‍ക്കാര്‍ ഭരണത്തിലിരുന്ന 2007-2012 കാലഘട്ടത്തിലാണ് ഈ ഇടപാട് നടന്നതെന്ന് തെളിഞ്ഞിരിക്കുന്നു, അതില്‍ ഒരു ഇടനിലക്കാരന്റെ പേരും പുറത്തു വന്നിരിക്കുന്നു. ‘- സാംബിത് പത്ര വ്യക്തമാക്കി. ‘
2007-2012 കാലഘട്ടത്തില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധവിമാന കരാറിലെ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തയ്ക്ക് റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍ 65 കോടി രൂപ കൈക്കൂലി നല്‍കിയെന്നും അതേക്കുറിച്ച് വിവരം ലഭിച്ചിട്ടും സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അനങ്ങിയില്ലെന്നുമാണ് ഫ്രഞ്ച് മാധ്യമമായ മീഡിയാപാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. മൊറീഷ്യസില്‍ സുഷേന്റെ ഉടമസ്ഥതയിലുള്ള വ്യാജ കമ്പനിയുടെ പേരില്‍ ഡാസോ പണം കൈമാറിയതിന്റെ രേഖകള്‍ മീഡിയപാര്‍ട്ട് പുറത്തുവിട്ടു.
36 യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്കു വില്‍ക്കുന്നതിനുള്ള 59,000 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കാന്‍ 2007-12 കാലയളവിലാണു സുഷേന്‍ ഗുപ്തയ്ക്കു ഡാസോ കൈക്കൂലി നല്‍കിയത്. ഇതിനു പകരമായി കരാറുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിലെ നിര്‍ണായക വിവരങ്ങള്‍ 2015 ല്‍ ഡാസോയ്ക്കു സുഷേന്‍ ചോര്‍ത്തി നല്‍കിയെന്നും റിപ്പോർട്ടിലുണ്ട്. എന്നാല്‍ മോദി സര്‍ക്കാരും സിബിഐയും എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റും ചേര്‍ന്നു നടത്തിയ ഗുഢാലോചനയുടെ ഭാഗമാണ് പുതിയ റിപ്പോര്‍ട്ടെന്നാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചത്.
Post Your Comments