തൃശൂർ: മുതിർന്ന നടി കെ.പി.എ.സി ലളിത ആശുപത്രിയിൽ. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഐ.സി.യുവിലാണുള്ളത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടിയെ വിദഗ്ധ ചികിത്സയുടെ ഭാഗമായി എറണാകുളത്തേക്ക് മാറ്റി. പത്ത് ദിവസമായി ചികിത്സയിൽ കഴിയുന്ന കെ.പി.എ.സി ലളിത ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ട്.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് താരം ചികിത്സയിലായിരുന്നു. കരൾ മാറ്റിവെയ്ക്കുകയാണ് പരിഹാരമെന്നാണ് റിപ്പോർട്ട്. നേരത്തേതിനേക്കാൾ മെച്ചപ്പെട്ട ആരോഗ്യ നിലയിലേക്ക് ലളിത എത്തിയിട്ടുണ്ടെന്നാണ് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു വനിതയോട് വെളിപ്പെടുത്തിയത്.
Also Read:സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല
‘ഇപ്പോൾ ചേച്ചിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. നേരത്തേതിനെക്കാൾ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരൾ മാറ്റി വയ്ക്കുകയാണ് പരിഹാരം. എന്നാൽ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ’, ഇടവേള ബാബു പറഞ്ഞു.
കുറച്ച് കാലമായി ആരോഗ്യപ്രശനങ്ങൾ ഉണ്ടെങ്കിലും താരം സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നില്ല. ലൊക്കേഷനുകൾ സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് നടി തിരക്കിലായിരുന്നു. എന്നാൽ, ഇതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പ്രമേഹമടക്കമുള്ള രോഗങ്ങളും താരത്തിനുണ്ട്. നടിയായും സ്വഭാവ നടിയായും തിളങ്ങിയ കെപിഎസി ലളിത കൈകാര്യം ചെയ്യാത്ത വേഷങ്ങളില്ല. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട ‘അമ്മ നടി’യാണ് ലളിതയെന്ന് പറയാം.
Post Your Comments