തിരുവനന്തപുരം: ഇന്ധനവിലയുടെ എക്‌സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചിട്ടും സംസ്ഥാന നികുതിയിൽ മാറ്റം വരുത്താത്ത പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കി കണക്കുകൾ. നിയമസഭയിലൂടെ സംസ്ഥാന ധനമന്ത്രി പുറത്തുവിട്ട കണക്കുകളാണ് സർക്കാരിനു തന്നെ തിരിച്ചടിയാകുന്നത്. ജൂലൈയിൽ നിയമസഭയിൽ ധനമന്ത്രി നൽകിയ മറുപടി പ്രകാരം 2021 ജൂൺ 30വരെ 2673.71 കോടി രൂപയാണ് പെട്രോളിയം സെസിലൂടെ കേരളത്തിന് ലഭിച്ചത്.
ഇത് കൂടാതെ കിഫ്ബിയിലേക്കും ഇന്ധനവിലയുടെ നികുതിയിൽ നിന്ന് കോടികളെത്തി. 2016-17 കാലയളവിൽ 448.1 കോടി രൂപയും 2017-18ൽ 421.19 കോടി രൂപയും 2018-19ൽ 501.82 കോടി രൂപയും പെട്രോളിയം സെസ് ഇനത്തിൽ കിഫ്ബിയിലേക്ക് ലഭിച്ചെന്ന് ധനമന്ത്രി വിശദീകരിക്കുന്നു. കിഫ്ബിയുടെ പ്രവർത്തനത്തിന് വേണ്ടി പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ലിറ്റർ ഒന്നിന് ഒരു രൂപ നിരക്കിലാണ് സംസ്ഥാനം സെസ് ഈടാക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ അൻവർ സാദത്ത് എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് സംസ്ഥാന ധനമന്ത്രി ജൂൺ വരെയുളള കണക്കുകൾ അവതരിപ്പിച്ചത്.
2019-20 കാലയളവിൽ പെട്രോളിയം സെസിലൂടെ സംസ്ഥാന സർക്കാർ പിരിച്ചെടുത്തത് 550 കോടി രൂപയാണ്. 2020-21 കാലയളവിൽ അത് 539 കോടിയായി. 2021 ഏപ്രിൽ മുതൽ ജൂൺ 30 വരെ മാത്രം 213.61 കോടി രൂപ സർക്കാർ പിരിച്ചെടുത്തു. മോട്ടോർ വാഹന നികുതിയുടെ വിഹിതമായി 2021 ജൂൺ 30 വരെ 5862.48 കോടി രൂപ ലഭിച്ചതായും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
Post Your Comments