മലപ്പുറം : വനിതാ ഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യ ചികിത്സ നടത്തി 45 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. ഫറോക്ക് സ്വദേശിനിയായ ഡോക്ടറാണ് പരാതി നൽകിയത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ ഉസ്താദിനും രണ്ട് സഹായികൾക്കുമെതിരെ ഫറോക്ക് പോലീസ് കേസെടുത്തു. പ്രതികളുടെ പൂർണവിവരങ്ങൾ പരാതിക്കാരിക്ക് കൃത്യമായി അറിയാത്തതിനാൽ തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനായിട്ടില്ല.
ചികിത്സയ്‌ക്ക് സ്ഥിരമായി ക്ലിനിക്കിൽ എത്തുന്നയാളാണ് മന്ത്രവാദം നടത്താൻ ഡോക്ടറെ പ്രേരിപ്പിച്ചത്. ഇവർ തന്നെയാണ് ഉസ്താദിനെ ഡോക്ടർക്ക് പരിചയപ്പെടുത്തികൊടുത്തത്. ഐശ്വര്യ ചികിത്സയ്‌ക്ക് സ്വർണം ആവശ്യപ്പെട്ടതോടെ ഡോക്ടർ പിൻവാങ്ങി. ഇതേതുടർന്ന് സ്വർണം നൽകേണ്ടെന്നും സ്വർണം ക്ലിനിക്കിലെ അലമാരയിൽ സൂക്ഷിക്കാനും നിർദ്ദേശം നൽകി.
ഇതിന് പിന്നാലെ ഉസ്താദ് ഇടക്കിടെ വന്ന് മന്ത്രം ചൊല്ലി ഈ സ്വർണത്തിന് ഊതുകയും ചെയ്തു. പറഞ്ഞ സമയം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി ഡോക്ടർ അറിയുന്നത്. ഇതേത്തുടർന്നാണ് ഇവർ പരാതി നൽകിയത്. പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം.
Post Your Comments