
കൊല്ലം : ആറുമക്കളുടെ അമ്മയായ വയോധികയുടെ മൃതദേഹം മൂന്നുദിവസം പഴക്കമുള്ള നിലയിൽ കണ്ടെത്തി. പട്ടാഴി കന്നിമേൽ പനയനം കാഞ്ഞിരംവിളവീട്ടിൽ പരേതനായ കുഞ്ഞൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ(100)യുടെ മൃതദേഹമാണ് പുഴുവരിച്ച നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്.
മാനസിക വെല്ലുവിളി നേരിടുന്ന അവിവാഹിതനായ ഒരു മകൻ മാത്രമാണ് ജാനകിയമ്മയുടെ കൂടെ കഴിഞ്ഞിരുന്നത്. മറ്റു മക്കളും അവരുടെ കുടുംബവുമൊക്കെ തൊട്ടടുത്ത് താമസിക്കുന്നുണ്ട്. അമ്മ മരിച്ച് പുഴുവരിച്ച് കിടക്കുന്നെന്ന് മകൻ അടുത്തവീട്ടിലെത്തി അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തുടർന്ന് നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ കട്ടിലിൽ മൃതദേഹം കണ്ടത്.
Read Also : ജോജുവിന്റെ കാർ തകർത്ത കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റില്‍
പഴയവീട്ടിലെ മലിനമായ മുറിയിൽ ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതരും കുന്നിക്കോട് പോലീസും സ്ഥലത്തെത്തി. പോലീസ് നടപടികൾക്കുശേഷം കോവിഡ് ടെസ്റ്റിനും മൃതദേഹ പരിശോധനയ്ക്കുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അടുത്ത ബന്ധുക്കളുടെ അനാസ്ഥയാണ് മരണമറിയാൻ വൈകാനിടയാക്കിയതെന്നും അവരുടെ പേരിൽ കേസെടുക്കുന്നകാര്യം പരിഗണനയിലുണ്ടെന്നും പോലീസ് ഇൻസ്പെക്ടർ പി.ഐ.മുബാറക്ക് അറിയിച്ചു.
Post Your Comments