കോഴിക്കോട്: സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കേണ്ടതില്ലെന്ന് പറഞ്ഞ മന്ത്രി പി. രാജീവിന് മറുപടിയുമായി കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദീഖ് രംഗത്ത്. ഉമ്മന്‍ ചാണ്ടിക്ക് 13 തവണ കൂട്ടാമെങ്കില്‍ 13 തവണ കുറയ്ക്കാന്‍ പിണറായി വിജയന് കഴിയും എന്ന് തുറന്നുസമ്മതിക്കുകയാണ് പി. രാജീവ് ചെയ്തിരിക്കുന്നതെന്ന് ടി. സിദ്ദീഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഇപ്പോള്‍ ഭരിക്കുന്നത് ഉമ്മന്‍ചാണ്ടിയല്ല, സഖാവ് പിണറായി വിജയനാണ്. അതുകൊണ്ട് ഉമ്മന്‍ ചാണ്ടി കൂട്ടിയത് കുറച്ച് ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും സിദ്ദീഖ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ ന്യായീകരിക്കുന്ന സഖാവ് പെട്രോൾ പമ്പിൽ വച്ച് നിസർക്കാരിനെ മനസ്സിൽ പ്രാകുന്നുണ്ട് എന്ന് മനസ്സിലാക്കണമെന്നും സിദ്ദീഖ് പറഞ്ഞു.
ടി സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഇന്ധന വിലയുടെ സംസ്ഥാന നികുതി പല സംസ്ഥാനങ്ങളും കുറച്ച് കഴിഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന ചത്തീസ്‌ഗഡിലാണു നികുതി കുറച്ച് കുറഞ്ഞ നിലയിൽ ഇന്ധനം ലഭ്യമാകുന്നത്. എന്നാൽ കേരളം ഭരിക്കുന്ന ഇടത് സർക്കാറും സർക്കാറിനെ നയിക്കുന്ന പാർട്ടി സിപിഐഎമ്മും ഇന്ധന നികുതി കുറയ്ക്കാൻ പാടില്ല എന്ന കടുത്ത നിലപാടിലാണ്. ഇന്ന് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് ഫെയിസ്‌ബുക്കിൽ ന്യായീകരണ ക്യാപ്സ്യൂളുമായി വന്നത് കണ്ടു. അതിൽ പ്രധാനപ്പെട്ട രണ്ട് ന്യായീകരണങ്ങൾ ഇവയാണു.
1- ഉമ്മൻ ചാണ്ടി സർക്കാറാണു 13 തവണ നികുതി കൂട്ടിയത്. അതിൽ 3 തവണ മാത്രമാണു ഉമ്മൻ ചാണ്ടി കുറച്ചത്.
ഉമ്മൻ ചാണ്ടിയല്ല ഇപ്പോൾ ഭരിക്കുന്നത്, സഖാവ് ശ്രീ പിണറായി വിജയനാണു. ഉമ്മൻ ചാണ്ടിക്ക് 13 തവണ കൂട്ടാമെങ്കിൽ 13 തവണ കുറയ്ക്കാൻ പിണറായി വിജയനു കഴിയും എന്ന് തുറന്ന് സമ്മതിക്കുകയാണു മന്ത്രി പി രാജീവ് ചെയ്തിരിക്കുന്നത്. അത് കൊണ്ട് എത്രയും പെട്ടെന്ന് ഉമ്മൻ ചാണ്ടി കൂട്ടിയത് കുറച്ച് ജനങ്ങൾ 2021 ൽ അനുഭവിക്കുന്ന പ്രശ്നത്തിനു പരിഹാരം കാണുക. (ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഒരു വേള ക്രൂഡ് ഓയിൽ വില ബാരലിനു 141 ഡോളർ കടന്നിട്ടും എണ്ണ വില 70 രൂപ കടന്നിരുന്നില്ല. യുപിഎ സർക്കാർ അനാവശ്യമായി നികുതി കൂട്ടി കൊള്ള നടത്തിയിരുന്നില്ല.)
2- ഇന്ധന വില കൂട്ടിയവർ കുറയ്ക്കട്ടെ, അപ്പോൾ കേരളത്തിലും ആനുപാതികമായി കുറഞ്ഞോളും. നമ്മൾ ഒന്നും ചെയ്യേണ്ട..!!
കേരളത്തിലെ ഇന്നത്തെ പെട്രോൾ വില നോക്കിയാൽ ലിറ്ററിനു (106.36). ഒരു ലിറ്ററിന് എണ്ണ കമ്പനി നേടുന്നത് 48.23 രൂപ, പമ്പ് കമ്മീഷൻ 3.85 രൂപ, കേന്ദ്ര നികുതി 27.90 രൂപ
കേരള സംസ്ഥാന നികുതി 26.38 രൂപ.
ഇനി പെട്രോൾ നികുതി യുപിഎ കാലത്തെ 9.80 ലേക്ക് തിരികെ കൊണ്ട് വരും വിധം കേന്ദ്രം 18 രൂപ കൂടി നികുതി കുറച്ചു എന്ന് കരുതുക. കേന്ദ്ര നികുതി 9.80 ആകും സംസ്ഥാന നികുതി ലിറ്ററിന് 20.44 ആകും.
ആരാണ് അപ്പോൾ യഥാർത്ഥ പോക്കറ്റ് അടിക്കാരൻ!!?? തോന്നിയത് പോലെ കേന്ദ്ര ബിജെപി സർക്കാർ കൂട്ടിയത് കുറയ്ക്കണം, അതിൽ തർക്കമില്ല. എന്നാൽ ന്യായീകരണ ക്യാപ്സൂൾ ഇറക്കി സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാതിരിക്കുന്നത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളി തന്നെയാണു. സോഷ്യൽ മീഡിയയിൽ ന്യായീകരിക്കുന്ന സഖാവ് പെട്രോൾ പമ്പിൽ വച്ച് നിങ്ങളെ മനസ്സിൽ പ്രാകുന്നുണ്ട് എന്ന് മനസ്സിലാക്കുക.
Post Your Comments