കോട്ടയം: പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോകാന്‍ അയല്‍വാസിയുടെ വീട്ടില്‍ എത്തിയ യുവതി അയല്‍വാസിയുടെ പരിചരണത്തില്‍ പ്രസവിച്ചു. കോട്ടയം പഴയിടം രാജുവിന്റെ ഭാര്യ ബ്ലസി മാത്യു (34) ആണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകാനാണ് ബ്ലെസി അയല്‍വാസികളായ ജോജി ഷേര്‍ളി ദമ്പതികളുടെ വീട്ടില്‍ എത്തിയത്.
ബ്ലെസിക്ക് ഒപ്പം ആശുപത്രിയിലേക്ക് പോകാനായി ഷേര്‍ളി തയ്യാറാകുന്നതിനിടെ ബ്ലെസിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷേര്‍ളിയുടെ പരിചരണത്തില്‍ ബ്ലസി കുഞ്ഞിന് ജന്മം നല്കി. എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്ന ഷേര്‍ളി ഉടന്‍ തന്നെ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. എരുമേലി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് രാഖില്‍ സി.ആര്, പൈലറ്റ് ആന്റണി ജോസഫ് എന്നിവരാണ് ഷേര്‍ളിയുടെ വീട്ടിലെത്തി കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടയില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് രാഖില്‍ ഫോണിലൂടെ ഷേര്‍ളിക്ക് ആംബുലന്‍സ് എത്തുന്നതുവരെ ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍ദേശിച്ചിരുന്നു.
സ്ഥലത്തെത്തിയ ഉടനെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് രാഖില്‍ കുഞ്ഞിന്റെ പൊക്കിള്‍ കോടി ബന്ധം വേര്‍പ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ഇരുവരെയും ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് പൈലറ്റ് ആന്റണി ജോസഫ് ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Post Your Comments