Latest NewsIndiaInternational

അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യയിൽ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം: പങ്കെടുക്കില്ലെന്ന് പാക് സുരക്ഷാ ഉപദേഷ്ടാവ്

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മുൻകൈയ്യെടുത്താണ് യോഗം ചേരുന്നത്.

ന്യൂഡൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ വിളിച്ച വിവിധ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസുഫ് ആണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതിന് ശേഷം രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താനും മറ്റ് രാജ്യങ്ങൾക്ക് ഭീഷണി ഒഴിവാക്കാനുളള നടപടികൾ ആലോചിക്കാനുമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം വിളിച്ചത്.

അഫ്ഗാനിലെ വിവിധ ഭീകരസംഘങ്ങൾ ഉയർത്തുന്ന വെല്ലുവിളിയും മയക്കുമരുന്ന് കടത്ത് തടയാനുമുളള വഴികളും അഭയാർത്ഥി നീക്കവുമാണ് കോൺഫറൻസിൽ പ്രധാനമായും ആലോചിക്കുക. ചൈന, റഷ്യ, തജികിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മുൻകൈയ്യെടുത്താണ് യോഗം ചേരുന്നത്. ഈ മാസം 10 ന് ഡൽഹിയിലാണ് യോഗം ചേരുക.

താലിബാൻ അധികാരത്തിലേറിയ ശേഷം ആദ്യമായിട്ടാണ് ഇത്തരത്തിൽ വിഷയം ചർച്ച ചെയ്യാൻ വിവിധ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ഒന്നിക്കുന്നത്. ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റ് കഴിഞ്ഞ മാസമാണ് കോൺഫറൻസിന്റെ ക്ഷണക്കത്ത് എല്ലാവർക്കും അയച്ചത്. ഡൽഹിയിലെ എംബസികൾ വഴി നയതന്ത്ര കത്തിടപാടുകൾക്ക് തുല്യമായിട്ടായിരുന്നു നടപടികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button