റിയാദ്: കൂടുതൽ തിയേറ്ററുകൾ നിർമ്മിക്കാനൊരുങ്ങി സൗദി അറേബ്യ. 2022 അവസാനത്തോടെ രാജ്യത്തെ പത്ത് നഗരങ്ങളിൽ കൂടി തിയേറ്ററുകൾ നിർമിക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം. ആറ് നഗരങ്ങളിലാണ് സൗദിയിൽ ഇപ്പോൾ സിനിമാ തിയേറ്ററുകളുള്ളത്. ലോകത്തെ പ്രമുഖ ഫിലിം എക്‌സിബിറ്റേഴ്‌സ് കമ്പനിയായ വോക്സ് സിനിമാസിന് നിലവിൽ സൗദിയിൽ 15 തിയേറ്ററുകളിലായി ആകെ 154 സ്‌ക്രീനുകളുണ്ട്.
അടുത്ത അഞ്ച് വർഷത്തിനകം തിയറ്ററുകളുടെ എണ്ണം മൂന്നിരട്ടിയാക്കി വർദ്ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. സൗദി വിപണിയിൽ രണ്ടായിരത്തോളം സിനിമാ ശാലകൾക്ക് സാധ്യതയുള്ളതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ തിയേറ്ററുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്.
1980 ന്റെ തുടക്കത്തിൽ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയ സൗദി 35 വർഷത്തിന് ശേഷം 2018 ലാണ് വീണ്ടും സിനിമ പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകിയത്. 2018 ഏപ്രിൽ മാസത്തിൽ ഹോളിവുഡ് ചിത്രമായ ബ്ലാക് പാന്തർ പ്രദർശിപ്പിച്ച് കൊണ്ടാണ് സൗദിയിൽ സിനിമാ പ്രദർശനം പുനരാരംഭിച്ചത്. നിലവിൽ സൗദി അറേബ്യയിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങളിൽ പത്ത് ശതമാനം അറബി സിനിമകളാണ്. ഇത് ബോക്സ് ഓഫീസിന്റെ 25 ശതമാനത്തിലധികം വരും.
Post Your Comments