KozhikodeKeralaNattuvarthaLatest NewsNews

‘എവിടെയെങ്കിലും പോയി ജീവിക്കാനുള്ള പദ്ധതിയാണ് നിങ്ങൾ പൊളിച്ചത്’: ഒളിച്ചോട്ടം പൊളിച്ച പോലീസിനോട് കയർത്ത് 19 കാരൻ

കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയുമായി നാടുവിടാനൊരുങ്ങിയ യുവാവ് പിടിയിൽ. ഉളിക്കൽ സ്വദേശി അജാസ് (19) നെയാണ് പോലീസ് പിടികൂടിയത്. സാഹസികമായ ഒളിച്ചോട്ടം പൊളിച്ചത് പന്തീരാങ്കാവ് പൊലീസ് ആണ്. പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം പറഞ്ഞയയ്ക്കുകയും യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.

കഴിഞ്ഞ ലോക്ഡൗൺ സമയത്താണ് കണ്ണൂർ സ്വദേശിയായ യുവാവിനെ പെൺകുട്ടി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി മാറി. വിഡിയോ കോളിലൂടെയല്ലാതെ ഇരുവരും നേരിട്ട് കണ്ടില്ല. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സ്കൂൾ തുറക്കുന്ന തീയതി ഒളിച്ചോടാൻ ഇരുവരും പദ്ധതിയിട്ടു. പെൺകുട്ടി മൊബൈൽ ഫോൺ എടുത്തിരുന്നില്ല. സ്കൂളിലേക്കാണെന്നു പറഞ്ഞിറങ്ങിയ കുട്ടി സ്കൂളിലെത്തിയില്ലെന്നു പറഞ്ഞു സഹപാഠികൾ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.

Also Read:കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് പടക്കം പൊട്ടിച്ചു, തര്‍ക്കം: അച്ഛനും മകനും ചേര്‍ന്ന് അയല്‍വാസിയെ കുത്തിക്കൊന്നു

യുവാവുമായുള്ള അടുപ്പം ആർക്കും അറിയുമായിരുന്നില്ല. അതിനാൽ മൊബൈൽ ഫോൺ വഴിയുള്ള അന്വേഷണം ആദ്യഘട്ടത്തിൽ സാധ്യമായില്ല. ഇരുവർക്കും വേണ്ടി ബസ്‌സ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും പരിശോധന നടത്തി. റെയി‍ൽവേ സ്റ്റേഷനിലെ സി സി ടി വി പരിശോധിച്ചപ്പോൾ പെൺകുട്ടിയെ കണ്ടു. ഒപ്പം ഒരു പയ്യനും കൂടെയുണ്ടായിരുന്നു. യുവാവ് ടിക്കറ്റെടുത്തത് സ്വന്തം പേര് നൽകിയായിരുന്നു. പേര് വെച്ച് ഫേസ്‌ബുക്കിൽ തിരഞ്ഞ പോലീസ് ഉദ്യോഗസ്ഥർക്ക് യുവാവിന്റെ മൊബൈൽ നമ്പർ ലഭിച്ചു. ഇത് ട്രെയ്‌സ് ചെയ്താണ് പോലീസ് ഇരുവരെയും പിടികൂടിയത്.

ആദ്യമായാണ് നേരിൽ കണ്ടതെന്നും ഒരുമിച്ച് ജീവിക്കാനായാണ് നാടുവിട്ടതെന്നും ഇരുവരും പൊലീസിനു മൊഴി നൽകി. യുവാവിന് ജോലിയൊന്നും ഇല്ല. പഠിക്കുകയാണ്. ഏതെങ്കിലും നാട്ടിൽപോയി ജീവിക്കാനുള്ള പദ്ധതിയാണ് നിങ്ങൾ പൊളിച്ചതെന്നു പറഞ്ഞ് യുവാവ് പൊലീസിനെ ചീത്തവിളിച്ചു. പ്രായത്തിന്റെ പക്വതക്കുറവാണെന്ന് പൊലീസിന് ബോധ്യമായെങ്കിലും പെൺകുട്ടി പ്രായപൂർത്തി ആയിട്ടില്ലാത്തതിനാൽ യുവാവിനെതിരെ പോക്സോ പ്രകാരം കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button