കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധിക്കുന്നതിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവിന്റെ സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പ്രശ്‌നം പരിഹരിക്കാന്‍ ഇരു കൂട്ടരും തയ്യാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഹൈബി ഈഡന്‍ എന്നിവരുടെ നേത്യത്വത്തിലായിരുന്നു പ്രശ്‌ന പരിഹാര ചര്‍ച്ച നടന്നത്. അതേസമയം ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചു തകര്‍ത്ത കേസുള്‍പ്പെടെയുള്ളവ നിയമവഴിക്ക് തുടരുമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫ് കഴിഞ്ഞ ദിവസം കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു. കല്ലുകൊണ്ട് ഇടിച്ചു കാറിന്റെ ഗ്ലാസ് പൊട്ടിക്കുക ആയിരുന്നുവെന്ന് ജോസഫ് പൊലീസിനോട് പറഞ്ഞത്. പൊട്ടിയ ഗ്ലാസ് കൊണ്ട് ജോസഫിന്റെ കൈയ്ക്ക് മുറിവേറ്റിരുന്നു.
അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ജോജുവിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ എട്ട് പേരെയാണ് പൊലീസ് പ്രതി ചേര്‍ത്തിരുന്നത്. ഒരാളെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments