മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരിമരുന്ന് കേസിൽനിന്നൊഴിവാക്കാമെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ നിർണായക തെളിവുകൾ പുറത്ത്. കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ശരിവെയ്ക്കുന്ന തെളിവുകളാണ് മുംബൈ പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്.
ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്ലാനി കേസിലെ സാക്ഷിയായ കെ.പി. ഗോസാവിയെ കാണാനെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. നീല മെഴ്സിഡസ് ബെൻസ് കാറിലാണ് പൂജ ദദ്ലാനി ലോവർ പരേലിൽ എത്തിയത്. രണ്ട് ഇന്നോവ കാറുകളും ഈ സമയം സ്ഥലത്തെത്തിയിരുന്നു. കാറിൽനിന്നിറങ്ങിയ പൂജ മറ്റു കാറുകളിൽ വന്ന ഗോസാവി ഉൾപ്പെടയുള്ളവരുമായി സംസാരിക്കുന്നതും പിന്നീട് എല്ലാവരും സ്വന്തം കാറുകളിൽ മടങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
മുംബൈ ലോവർ പരേലിൽവെച്ച് പൂജയും ഗോസാവിയും കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു പ്രഭാകറിന്റെ വെളിപ്പെടുത്തൽ. ഇതനുസരിച്ച് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഇതിൽനിന്നാണ് ഒരു യുവതി കാറിൽവരുന്നതിന്റെയും മറ്റു കാറുകളിൽ വന്നവരുമായി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടെത്തിയത്.
Post Your Comments