വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മഹാനായ മനുഷ്യനാണെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന പുസ്തകം റമീസ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. പത്ത് വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന പുസ്തകം പുസ്തക രൂപത്തിൽ പുറത്തുവന്നതെന്ന് റമീസ് പറയുന്നു. ദി ക്യൂ വിന് നൽകിയ അഭിമുഖത്തിലാണ് റമീസ് മുഹമ്മദ് തന്റെ ‘വാരിയംകുന്നന്‍’ യാത്രയെ കുറിച്ച് വെളിപ്പെടുത്തിയത്.
വാരിയംകുന്നന്‍ ശരിക്കും വലിയൊരു സംഭവമാണെന്ന് റമീസ് പറയുന്നു. ഒരു സൂപ്പർ ഹീറോ എന്നൊക്കെ പറയുന്നത് പോലെയാണ് അദ്ദേഹം. വാരിയംകുന്നന്‍ വലിയൊരു സംഭവമാണെന്ന് തോന്നിയപ്പോഴാണ് വലിയ രീതിയിൽ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്ന് റമീസ് പറയുന്നു. റമീസ് എഴുതിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്ര പുസ്തകത്തില്‍ ഇയാളുടെ യഥാര്‍ത്ഥ ചിത്രവും ഉൾപ്പെടുത്തിയതായി കഥാകൃത്ത് അവകാശപ്പെട്ടിരുന്നു. ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ഫോട്ടോ ലഭിച്ചതെന്നായിരുന്നു റമീസ് പറയുന്നത്.
‘വാരിയംകുന്നന്‍ കറൻസി ഇഷ്യു ചെയ്തിരുന്നു. അതിന്റെ രേഖകളും ലഭിച്ചു. വാരിയംകുന്നന്‍ എന്ന വ്യക്തിയെ കുറിച്ച് നമുക്കൊക്കെ ലഭിച്ചിരുന്ന വിവരം ഇങ്ങനെയായിരുന്നില്ല. ഒരു കള്ളിത്തുണിയും ബനിയനും മലപ്പുറം കത്തിയും പിടിച്ച് നിൽക്കുന്ന വാരിയംകുന്നനെയാണ് നമ്മളെല്ലാം കണ്ടിട്ടുള്ളത്. ആധുനിക യുദ്ധമുറകൾ സ്വായത്തമാക്കിയിരുന്ന ആളായിരുന്നു അദ്ദേഹം. പട്ടാള യൂണിഫോം അണിഞ്ഞ് റൈഫിൾ പിടിച്ച് യുദ്ധം ചെയ്‌തിട്ടുള്ള ആളാണ്. വാരിയംകുന്നന്‍ എന്ന് പറയുന്ന ഹീറോ നമ്മൾ വായിച്ച് കേട്ടതിൽ നിന്നും മുകളിൽ നിൽക്കുന്ന ആളാണെന്ന് തിരിഞ്ഞപ്പോഴാണ് ലോകം ഇതറിയണമെന്ന് തോന്നിയത്. എന്റെ കയ്യീന്ന് ഇട്ടിട്ട് ഞാനൊന്നും എഴുതിയിട്ടില്ല. വാരിയംകുന്നന്‍ ഒരു വയസൻ ആളാണെന്നാണ് നിലനിൽക്കുന്നത്. അതൊന്നും സത്യമല്ല. കുറുകിയ, പല്ലുപൊന്തിയ ആളൊന്നുമല്ല അദ്ദേഹം’, റമീസ് പറയുന്നു.
‘ഹിന്ദുക്കൾക്കെതിരെയുള്ള യുദ്ധമായിരുന്നില്ല അത്. ആളുകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയത് ബ്രീട്ടീഷുകാരുടെ ആളുകളാണ്. ബ്രിട്ടീഷ് അനുകൂലികളെ അദ്ദേഹം വധിച്ചിട്ടുണ്ട്. അതിൽ ജാതിയും മതവും ഒന്നും നോക്കിയിട്ടില്ല. വാരിയംകുന്നനോ അദ്ദേഹത്തിന്റെ സൈനികരോ യാതൊരു തരത്തിലുമുള്ള ഹിന്ദു വിരുദ്ധതയും കാണിച്ചിട്ടില്ല. ഇവിടെ ഹിന്ദുക്കളും മുസൽമാനും ഇല്ല മനുഷ്യന്മാർ മാത്രമാണുള്ളതെന്ന് പറഞ്ഞയാളാണ് അദ്ദേഹം. വാരിയംകുന്നനെ ഹിന്ദുവിരുദ്ധനാക്കി ചിത്രീകരിച്ചത് ബ്രിട്ടീഷ് ഭരണകൂടം.’, റമീസ് പറയുന്നു.
Post Your Comments