കോഴിക്കോട്: 1921ലെ മലബാർ വിപ്ലവത്തിലെ ‘വിവാദ നായകനായ’ ആലി മുസ്ലിയാരെ ബ്രിട്ടീഷ് സൈന്യം തൂക്കിലേറ്റി കൊലപ്പെടുത്തിയതല്ലെന്ന് എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. ബ്രിട്ടീഷ് സൈന്യം തൂക്കിലേറ്റുന്നതിന് മുമ്പ് തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നുവെന്നാണ് സത്താർ പറയുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് മംഗലം ഗോപിനാഥ് ആണ് താനുമായി ഇക്കാര്യം പങ്കുവെച്ചതെന്നും സത്താർ തന്റെ ഫേസ്‌ബുക്കിൽ എഴുതി. അന്നത്തെ ജയിലുദ്യോഗസ്ഥനായിരുന്ന കണ്ണപ്പൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അവകാശപ്പെടുന്നു.
‘ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് ആലി മുസ്ലിയാരുടെ മൃതദേഹമാണ്. മുതിർന്ന കോൺഗ്രസ് നേതാവ് മംഗലം ഗോപിനാഥ് ആണ് താനുമായി ഇക്കാര്യം പങ്കുവെച്ചത്. കോയമ്പത്തൂരിൽ വെച്ച് ജയിലുദ്യോഗസ്ഥനെ കണ്ടുമുട്ടിയപ്പോൾ മംഗലം ഗോപിനാഥിനോട് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ആലി മുസ്ലിയാരെ തൂക്കിലേറ്റാൻ നിശ്ചയിച്ച ദിവസം അവസാന ആഗ്രഹം ചോദിച്ചപ്പോൾ തൻ്റെ സഹതടവുകാരോടൊപ്പം സുബ്ഹി ജമാഅത്തായി നിസ്കരിക്കാനുള്ള താത്പര്യം അറിയിച്ചു. അത് നിയമവിരുദ്ധമാണെങ്കിലും അദ്ദേഹത്തോടുളള ആദരവ് കൊണ്ട് ബ്രിട്ടീഷുകാർ അതിന് സമ്മതിക്കുകയായിരുന്നു.
നിസ്കാരത്തിനിടെ സുജൂദിൽ കിടന്ന് ആണ് ആലി മുസ്ലിയാർ മരണപ്പെട്ടത്. എന്നാൽ, ഈ വിവരം പുറത്തുവിടരുതെന്നും അദ്ദേഹത്തെ തൂക്കിലേറ്റണമെന്നും ബ്രിട്ടീഷുകാർ കർശന നിർദേശം നൽകി. അങ്ങനെ മരണപ്പെട്ട ആലി മുസ്ലിയാരെ അവർ തൂക്കിലേറ്റി ശിക്ഷ നടപ്പാക്കി. ജയിലുദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി മംഗലം ഗോപിനാഥ് എന്നോട് പറഞ്ഞു’, സത്താർ പന്തല്ലൂർ ഫേസ്‌ബുക്കിൽ കുറിച്ചു.
ബ്രിട്ടീഷുകാരാൽ താൻ വധിക്കപ്പെടരുതെന്നാണ് ആലി മുസ്ലിയാർ ദിവസവും പ്രാർത്ഥിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ സഹ തടവുകാർ പറയാറുണ്ടെന്നും ഉദ്യോഗസ്ഥാനായ കണ്ണപ്പൻ പറഞ്ഞതായി മംഗലം ഗോപിനാഥ് ഓർക്കുന്നുവെന്ന് സത്താർ ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments