പൃഥ്വിരാജ്-ആഷിഖ് അബു കൂട്ടുകെട്ടിൽ പ്രഖ്യാപിച്ച വാരിയംകുന്നൻ എന്ന ചിത്രത്തിൽ നിന്നും ഇരുവരും പിന്മാറിയിരുന്നു. വിവാദങ്ങൾക്കിടെയായിരുന്നു പിന്മാറ്റം. ചരിത്രത്തോട് നീതി പുലര്‍ത്തേണ്ട സിനിമയായതിനാൽ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്ക ഉണ്ടായിരുന്നുവെന്ന് പിന്മാറ്റ സമയത്ത് ആഷിഖ് അബു വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, സിനിമ സംഭവിക്കുമെന്ന് പറയുകയാണ് നിർമ്മാതാവ് നൗഷാദ്.
ചിത്രത്തിന്റെ തിരക്കഥയുമായി തന്നെ സമീപിച്ചുവെന്ന് നൗഷാദ് പറഞ്ഞു. ഗോകുൽ-ധ്യാൻ എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന ‘സായാഹ്ന വാര്‍ത്തകൾ’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നല്ലൊരു സിനിമയായി പൊതു സമൂഹത്തിലേക്ക് ചരിത്രം എത്തിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് നൗഷാദ് പറഞ്ഞു. ചിത്രത്തില്‍ നായകനായി പൃഥ്വിരാജിന് പകരമായി ചില നടന്മാരുടെ പേര് പരിഗണനയില്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘വാരിയംകുന്നന്‍ എടുക്കണമെന്ന് ആഗ്രഹം ഉണ്ട്. നല്ലൊരു കഥയാണ്. വ്യത്യസ്തമായ രണ്ട് ശൈലിയില്‍ സിനിമയുടെ കഥ കേട്ടിട്ടുണ്ട്. നല്ലൊരു സിനിമയായി പൊതു സമൂഹത്തിലേക്ക് ചരിത്രം എത്തിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. എപ്പോഴാണോ അവസരം നല്‍കുന്നത് അപ്പോള്‍ അത് ചെയ്യും. നായകന്മാരെക്കുറിച്ച് കുറിച്ച് നിലവില്‍ ചിലര്‍ പരിഗണനയില്‍ ഉണ്ട്. പൃഥ്വിരാജ് എന്നൊന്നും ഇല്ല. ആ സമയത്ത് ആരാണോ അവരായിരിക്കും. ഒരു പക്ഷേ അത് ഗോകുല്‍ സുരേഷ് ആയിരിക്കാം. നല്ല മസിലൊക്കെയായി ഗോകുല്‍ വന്നിട്ടുണ്ടെങ്കില്‍ ഗോകുല്‍ ആയിരിക്കാം ആ കഥാപാത്രം. നല്ലൊരു കഥയാണ്. തീര്‍ച്ചയായും ചെയ്യണമെന്നാണ് ആഗ്രഹം’, നൗഷാദ് പറഞ്ഞു.
Post Your Comments