സാന്‍ഫ്രാന്‍സിസ്കോ : ഇന്ത്യയില്‍ ഐടി നിയമം കര്‍ശനമാക്കിയതോടെ ഐടി ഭീമന്മാര് മുട്ടുമടക്കി. ഇതോടെ സമൂഹ മാദ്ധ്യമങ്ങളിലെ വിവാദ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന്റെ എണ്ണവും കൂടിയതായാണ് റിപ്പോര്‍ട്ട്. പുറത്തുവന്നിരിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫേസ്ബുക്കിന്റെ വിവിധ സേവനങ്ങളില്‍ നിന്നായി ഏകദേശം മൂന്നു കോടി പോസ്റ്റുകളാണ് സെപ്റ്റംബറില്‍ മാത്രം നീക്കിയത്. 2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സിന് അനുസൃതമായി ഫേസ്ബുക്കിനുള്ള 10 പോളിസികളിലായി 2.69 കോടി ഉള്ളടക്കങ്ങളും ഇന്‍സ്റ്റഗ്രാമിനായുള്ള 9 പോളിസികളിലായി 32 ലക്ഷത്തിലധികം ഉള്ളടക്കങ്ങളും നീക്കിയതായി പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കമ്പനിയുടെ ഓട്ടമേറ്റഡ് ടൂളുകള്‍ ഉപയോഗിച്ചാണ് ഭൂരിഭാഗം ഉള്ളടക്കങ്ങളും നീക്കിയത്. ഇതിന്റെ ഡേറ്റയും ഉപഭോക്തൃ പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങളും പ്രതിമാസ റിപ്പോര്‍ട്ടിലുണ്ടെന്നും ഫേസ്ബുക്ക് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ ഐടി നിയമങ്ങള്‍ക്ക് അനുസൃതമായുള്ള മെറ്റായുടെ നാലാമത്തെ പ്രതിമാസ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബറില്‍ ഫേസ്ബുക്കിന് ഇന്ത്യന്‍ ഗ്രീവന്‍സ് മെക്കാനിസത്തിലൂടെ 708 പരാതികള്‍ ലഭിച്ചു. ഇതില്‍ 589 പരാതികള്‍ക്ക് പരിഹാരം കണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്ത് വിദ്വേഷവുമായി ബന്ധപ്പെട്ട 33,600 ഉള്ളടക്കങ്ങളിലും നഗ്നത, ലൈംഗിക വിഭാഗത്തിലായി 516,800 ഉള്ളടക്കങ്ങളിലും നടപടി സ്വീകരിച്ചു. ഇതോടൊപ്പം ഭീഷണിപ്പെടുത്തലും ഉപദ്രവവുമായി ബന്ധപ്പെട്ട 307,000 ഉള്ളടക്കങ്ങളിലും മെറ്റാ നടപടി സ്വീകരിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമം പ്രകാരം പ്രതിമാസ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ എല്ലാ ടെക് ഭീമന്മാര്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഓഗസ്റ്റില്‍ ഇന്ത്യയില്‍ 20.7 ലക്ഷം അക്കൗണ്ടുകള്‍ വാട്സാപ് നിരോധിച്ചിരുന്നു. ജൂണ്‍ 16 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ പുതിയ ഐടി നിയമങ്ങള്‍ പാലിച്ച് വാട്സാപ് ഇന്ത്യയില്‍ 30.2 ലക്ഷം അക്കൗണ്ടുകളും നീക്കി.
Post Your Comments