തിരുവനന്തപുരം: പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റിയതിന്റെ ഭാഗമായി മുറികള്‍ ഇനി പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാം. ഇതിനായി ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം നിലവില്‍ വന്നു. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.
ഓണ്‍ലൈന്‍ ബുക്കിംഗ് ആയത് കൊണ്ട് മാത്രം റസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനം പൂര്‍ണമാകില്ലെന്നും റസ്റ്റ്ഹൗസുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഘട്ടം ഘട്ടമായി പരിഹരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. എല്ലാ റസ്റ്റ്ഹൗസുകളും നവീകരിച്ച് മികച്ച സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ റസ്റ്റ്ഹൗസുകളുടെയും പ്രവര്‍ത്തനം ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ നിന്ന് നിരീക്ഷിക്കുന്ന സംവിധാനം കൊണ്ടുവരാന്‍ റസ്റ്റ്ഹൗസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
റസ്റ്റ്ഹൗസുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കംഫര്‍ട്ട് സ്‌റ്റേഷനുകള്‍ റസ്റ്റ് ഹൗസുകളില്‍ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീനമായ കൂടുതല്‍ മാറ്റങ്ങള്‍ക്ക് പിഡബ്ല്യുഡി റസ്റ്റ്ഹൗസുകള്‍ ഭാവിയില്‍ വിധേയമാകുമെന്നും മന്ത്രി പറഞ്ഞു. പിഡബ്ല്യുഡി റസ്റ്റ്ഹൗസുകള്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നതിന് പൊതുജനങ്ങള്‍ക്ക് https://resthouse.pwd.kerala.gov.in എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
Post Your Comments