ന്യൂഡൽഹി : യുഎസിൽനിന്ന് അടുത്തിടെ വാങ്ങിയ ആയുധശേഖരങ്ങൾ ചൈനീസ് അതിർത്തിയിൽ വിന്യസിച്ച് ഇന്ത്യ. അതിർത്തിയെച്ചൊല്ലി ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള തർക്കം തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ നിർണായകനീക്കം നടത്തിയത്. ഭൂട്ടാനുമായും ടിബറ്റുമായും ചേർന്നു നിൽക്കുന്ന തവാങ് പീഠഭൂമി പ്രദേശത്താണ് ഇന്ത്യ ആയുധ വിന്യാസം നടത്തിയത്. ഏറെക്കാലമായി ചൈന അവകാശവാദം ഉന്നയിക്കുന്ന മേഖലയാണിത്.
1959ൽ ചൈനീസ് സൈനിക നീക്കത്തെ തുടർന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ഇന്ത്യയിലേക്കു രക്ഷപ്പെട്ടത് ഇതിനു സമീപത്തെ പർവതം വഴിയാണ്.കിഴക്കൻ ടിബറ്റുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ പ്രദേശത്ത് യുഎസ് നിർമിത ചിനൂക് ഹെലികോപ്റ്റർ, പീരങ്കികൾ, തോക്കുകൾ എന്നിവയും ഇന്ത്യയിൽ നിർമിച്ച സൂപ്പർസോണിക് ക്രൂസ് മിസൈലുകളും പുത്തൻ നിരീക്ഷണ സംവിധാനങ്ങളുമായിരിക്കും അതിർത്തി സംരക്ഷണത്തിന് ഇനി ഉപയോഗിക്കുക.
ഇന്ത്യ– ചൈന തർക്കങ്ങൾക്കിടെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി യുഎസിൽനിന്ന് വാങ്ങിയ ആയുധങ്ങളാണിത്. കഴിഞ്ഞ ആഴ്ച ഇന്ത്യൻ സൈനികരോടൊപ്പം മാധ്യമ പ്രവർത്തകരുടെ സംഘവും മേഖലയിൽ സന്ദർശനം നടത്തിയിരുന്നു. മേഖലയിൽ മൗണ്ടൻ സ്ട്രൈക്ക് കോർ തയാറായിക്കഴിഞ്ഞതായി ഇസ്റ്റേൺ ആർമി കമാൻഡർ ലഫ്റ്റ്നന്റ് ജനറൽ മനോജ് പാണ്ഡെ അറിയിച്ചു.
ദോക്‌ലായിൽ സംഘർഷമുണ്ടായ സംഭവത്തിനു ശേഷമാണ് ഇന്ത്യ ആയുധ, സൈനിക വിന്യാസങ്ങൾ വേഗത്തിലാക്കിയത്. ചൈനീസ് ചർച്ചകളിൽ പുരോഗതി കാണാത്തതിനെ തുടർന്നാണ് ഇന്ത്യ ആയുധ വിന്യാസവുമായി മുന്നോട്ടു പോയതെന്ന് ന്യൂഡൽഹി ഒബ്സർവർ റിസർച് ഫൗണ്ടേഷൻ സെന്റർ ഫോര്‍ സെക്യൂരിറ്റി, സ്ട്രാറ്റജി ആൻഡ് ടെക്നോളജി ഡയറക്ടർ രാജേശ്വരി പിള്ള രാജഗോപാലന്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.
Post Your Comments