കൊച്ചി: റെസ്റ്റോറന്റ് ആക്രമിച്ച കേസിൽ പ്രതിയായ തുഷാര യുടെ ഭർത്താവ് അജിത്ത് കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ്. ചേരാനെല്ലൂര്‍ സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത ഇംതിയാസ് കൊലക്കേസിലെ പ്രതിയാണ് അജിത്ത്. സുഹൃത്ത് അപ്പുവും ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. റെസ്റ്റോറന്റ് ആക്രമണക്കേസിൽ തുഷാര, ഭർത്താവ് അജിത്ത്, സുഹൃത്ത് അപ്പു എന്നിവര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
തുഷാരയും സംഘവും ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ റെസ്റ്റോറന്റില്‍ നടത്തിയത് സംഘടിത ആക്രമണമാണെന്നും, നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് യുവാക്കള്‍ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തുകയായിരുന്നു എന്നും പോലീസ് കണ്ടെത്തി. ഇന്‍ഫോപാര്‍ക്കിന് സമീപം ചില്‍സേ ഫുഡ് സ്‌പോട്ട് എന്ന ഫുഡ് കോര്‍ട്ടില്‍ കട നടത്തുന്ന നകുല്‍, സുഹൃത്ത് ബിനോജ് ജോര്‍ജ് എന്നിവരെയാണ് തുഷാരയും സംഘവും ആക്രമിച്ചത്.
ഫുഡ് കോര്‍ട്ടില്‍ ബോംബേ ചാട്ട്, ബേല്‍പൂരി എന്നിവ വില്‍ക്കുന്ന നകുലിന്റെ പാനിപൂരി സ്റ്റാള്‍ തുഷാരയും സംഘവും പൊളിച്ചുമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും ബിനോജ് ജോര്‍ജിനെയും ഇവര്‍ ആക്രമിക്കുകയും വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ബിനോജ് ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. ഫുഡ് കോര്‍ട്ടിലെ കടയില്‍ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു തുഷാര ആക്രമണം നടത്തിയത്. എന്നാല്‍, ഫുഡ് കോര്‍ട്ടിന്റെ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.
നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് യുവാക്കള്‍ തന്നെ ആക്രമിച്ചെന്നായിരുന്നു തുഷാര ആദ്യം സോഷ്യല്‍മീഡിയയിലൂടെ പ്രചരിപിച്ചത്. സംഭവം സംഘടനകൾ ഏറ്റെടുത്തതോടെ വൻ വിവാദമായിരുന്നു. എന്നാൽ, വിശദമായ അന്വേഷണത്തില്‍ ഇത് വ്യാജപ്രചരണമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. യുവാക്കളെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവം മറച്ചുവച്ചായിരുന്നു തുഷാര സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയത്.
Post Your Comments