ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചിതനാകും. ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. കര്‍ശന ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മോചന ഉത്തരവ് ജയില്‍ വകുപ്പിന് ലഭിക്കും. സഹോദരന്‍ ബിനോയ് കോടിയേരിക്കൊപ്പം ബിനീഷ് റോഡ് മാര്‍ഗം തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഡിസംബറിലും ഫെബ്രുവരിയിലും വിചാരണക്കോടതി ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഏപ്രിലില്‍ ബിനീഷ് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഏഴരമാസത്തിനിടെ മൂന്ന് ബെഞ്ചുകള്‍ വാദം കേട്ടെങ്കിലും തീരുമാനമായിരുന്നില്ല. കഴിഞ്ഞ ഏഴിന് പൂര്‍ത്തിയായ വാദത്തിനൊടുവിലാണ് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. ലഹരിക്കേസില്‍ ബിനീഷ് സാമ്പത്തിക സഹായം നല്‍കിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഒന്നാം പ്രതിയായ അനൂപിനാണ് ബിനീഷ് പണം നല്‍കി സഹായിച്ചത്.
കാന്‍സര്‍ ബാധിതനായ അച്ഛനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്റെ പ്രധാന വാദം. മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29 നാണ് ബിനീഷ് അറസ്റ്റിലായത്. അന്ന് മുതല്‍ ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ബിനീഷ് കോടിയേരി. ഇതിനിടെ പല തവണ ജാമ്യത്തിനായി ബിനീഷ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല.
കേസിലെ മുഖ്യപ്രതി അനൂപിന്റെ ബോസാണ് ബിനീഷെന്ന് ഇഡി കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ബിനീഷ് പറഞ്ഞാല്‍ അനൂപ് എന്തും ചെയ്യും. അനൂപിനെ ബിനാമിയാക്കി മയക്കുമരുന്ന് ഇടപാടിലൂടെ പണം സമ്ബാദിച്ചുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജൂണില്‍ ലഹരിപാര്‍ട്ടിയ്‌ക്കിടെ കേരള സര്‍ക്കാരിന്റെ കരാറുകള്‍ ലഭിക്കാന്‍ പ്രതികളായ ബിനീഷ് കോടിയേരി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തി. കരാര്‍ ലഭിക്കാന്‍ ബിനീഷിന് 3 മുതല്‍ 4 ശതമാനം വരെ കമ്മീഷന്‍ ഓഫര്‍ ചെയ്തതായും കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അനൂപ് മുഹമ്മദിനെ മറയാക്കി കമ്പനികള്‍ തുടങ്ങിയത് ബിനീഷാണെന്നും എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധിത നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തത്.
Post Your Comments