കൊല്ലം : നാട്ടുകാരിയും സഹപാഠിയുമായ യുവതിയുടെ വിവാഹാലോചനകള്‍ നിരന്തരം മുടക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കൊല്ലം ഓടാനവട്ടത്ത് വാപ്പാല പുരമ്പില്‍ സ്വദേശി അരുണ്‍ (24) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ടു വിവാഹാലോചനകള്‍ ഉറപ്പായ ശേഷം മുടങ്ങിയിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തി ആക്രമണം നടത്തുകയും വീടിന്റെ ജനല്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത അരുണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ബി.ടെക്കിന് ഒരുമിച്ച് പഠിച്ചവരായിരുന്നു ഇരുവരും. പഠനകാലത്ത് ഇവർ തമ്മിൽ സൗഹൃദവുമുണ്ടായിരുന്നു. എന്നാല്‍ അരുണിന്റെ ഉപദ്രവം സഹിക്ക വയ്യാതെ പെണ്‍കുട്ടി ഇയാളുമായുള്ള സൗഹൃദം അവസാനിപ്പിച്ചു. ഇതിനിടെ അരുണ്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി അത് സ്വീകരിച്ചില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു. വിവാഹനിശ്ചയം നടക്കുകയും ചെയ്തു. ഇതറിഞ്ഞ അരുണ്‍ മാരകായുധങ്ങളുമായി വീട്ടിലെത്തി ജനല്‍ അടിച്ച് തകര്‍ക്കുകയും പെണ്‍കുട്ടിയെയും, പെണ്‍കുട്ടിയുടെ അച്ഛനെയും മര്‍ദ്ദിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാതെ ഇവർ സംസാരിച്ച് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
എന്നാല്‍, യുവതിയെ തനിക്ക് വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ അരുണ്‍ പിന്നീട് ചെയ്തത് വിവാഹാലോചനകള്‍ മുടക്കുകയെന്നതായിരുന്നു. ആദ്യം വിവാഹം നിശ്ചയിച്ചയാളുടെ വീട്ടിലെത്തി താന്‍ യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഈ വിവാഹം മുടങ്ങി. പിന്നീട് പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ആലോചിക്കുകയും ഇത് നടത്താനുള്ള തീയതി തീരുമാനിക്കുകയും ചെയ്തു. ഈ വിവാഹം നിശ്ചയിച്ച യുവാവിന്റെ അടുത്തെത്തിയും അരുണ്‍ വിവാഹത്തില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതോടെയാണ് യുവതിയുടെ വീട്ടില്‍ പൊലീസിൽ പരാതി നൽകിയത്. പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അരുണുമായി സൗഹൃദത്തിലായിരുന്ന കാലത്ത് യുവതി മറ്റൊരാളുമായി സംസാരിച്ചാല്‍ പോലും ക്രൂരമായി മര്‍ദ്ദിക്കുന്നത് പതിവായിരുന്നു എന്നും യുവതി പരാതിയിൽ പറയുന്നു.
Post Your Comments