കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ സംവിധാനം നിലവിലെ സാഹചര്യത്തില്‍ പിന്‍വലിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വെര്‍ച്വല്‍ ക്യൂ സംവിധാനം ബോര്‍ഡിനു കൈമാറണമെന്ന് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഉള്‍പ്പെടെ പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
ശബരിമലയിലെ ക്ഷേത്രത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും സുരക്ഷയും മുന്‍നിര്‍ത്തി തിരക്കു നിയന്ത്രിക്കാന്‍ ഏറെ പ്രയാസമുണ്ടെന്നും ഇതിനുള്ള സംവിധാനങ്ങള്‍ ദേവസ്വം ബോര്‍ഡിനില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ശബരിമല തീര്‍ഥാടനം സുഗമമാക്കാനാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാരിനോ പോലീസിനോ മറ്റു താത്പര്യങ്ങളില്ലെന്നും സർക്കാർ അറിയിച്ചു. 2011 മുതല്‍ നിലവിലുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരു പരാതിക്കുമിടയില്ലാതെയാണ് ഇതുവരെ പോലീസ് കൈകാര്യം ചെയ്തതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
Post Your Comments