പത്തനംതിട്ട: സബ് ട്രഷറി ഓഫിസിലെ കസേരകള്‍ കോടതി ജപ്തി ചെയ്തു. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലെ കസേരകളും കംപ്യൂട്ടറുമാണ് ജപ്തി ചെയ്തത്. കസേരകൾ ജപ്തി ചെയ്തതോടെ ജീവനക്കാര്‍ക്ക് ഇരിപ്പിടമില്ലാതാവുകയും ട്രഷറി ഓഫിസ് പ്രവര്‍ത്തനം പ്രതിസന്ധിയിലാവുകയും ചെയ്തു. സബ് ട്രഷറിയിലെ പത്ത് കസേരകളാണ് കോടതി ജപ്തി ചെയ്തത്. സബ് ട്രഷറിയിലെ 10 കസേര, 4 കംപ്യൂട്ടര്‍ എന്നിവ ജപ്തി ചെയ്യാനാണു കോടതി ഉത്തരവിട്ടത്.
ഇതനുസരിച്ച് ഇന്നലെ 11.30 ന് കോടതി ഉദ്യോഗസ്ഥരെത്തി കസേരകള്‍ ജപ്തി ചെയ്തു. കംപ്യൂട്ടറുകള്‍ കൊണ്ടുപോയില്ല. കസേരകള്‍ കൊണ്ടുപോയതോടെ ജീവനക്കാര്‍ക്ക് ഇരുന്നു ജോലി ചെയ്യാന്‍ സൗകര്യം ഇല്ലാതായി. നിന്നുകൊണ്ടാണ് ജീവനക്കാര്‍ ഫയലുകള്‍ നോക്കിയത്. പന്തളം തോന്നല്ലൂര്‍ രവിമംഗലത്ത് വീട്ടില്‍ ഓമനയമ്മയുടെ പരാതിയിലാണ് ജപ്തി നടപടി.
ഓമനയമ്മുടെ വസ്തു കല്ലട ജലസേചന പദ്ധതിക്കായി 25 വര്‍ഷം മുന്‍പ് ഏറ്റെടുത്തതിന്റെ പണം മുഴുവന്‍ കിട്ടാത്തതിനു ഫയല്‍ ചെയ്ത കേസിലാണ് നടപടി. കുറച്ചു തുക ലഭിച്ചെങ്കിലും നഷ്ടപരിഹാരം കുറഞ്ഞുപോയെന്നു കാട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്ന് 76,384.75 രൂപ നല്‍കണമെന്ന് കോടതി വിധിച്ചു. ഇതു ലഭിക്കാത്തതിനെത്തുടര്‍ന്നു നല്‍കിയ പരാതിയിലാണ് ജപ്തി നടപടി.
Post Your Comments