ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിരോധിക്കപ്പെട്ട ജമാ അത്ത് ഇസ്ലാമിയുടെ വസ്തു വകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. അതേസമയം സംഘടനയുടെ 4500 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. അതേസമയം ഇതുവരെ കണ്ടുകെട്ടിയ സ്വത്തു വകകളില്‍ സംസ്ഥാനത്തെ നേതാക്കളുടെയും,പ്രവര്‍ത്തകരുടെയും ,വീടുകളും ഓഫീസുകളും ഇതില്‍ ഉള്‍പ്പെടും. കൂടാതെ നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. സ്വത്തു വകകള്‍ കണ്ടുകെട്ടുന്നതിനൊപ്പം സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ വിഘടനവാദി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാശ്മീരില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജമാ അത്ത് ഇസ്ലാമിക്കും നിരോധനം കൊണ്ടുവന്നത്. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചുകൂട്ടിയ ഉന്നതതലയോഗത്തില്‍ പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്നവര്‍ ഇന്നും കശ്മീരില്‍ ഉണ്ടെന്ന് പ്രസ്താവിച്ചിരുന്നു. പേര് പറഞ്ഞില്ലെങ്കിലും രാജ്‌നാഥ് ലക്ഷ്യമിട്ടത് ജമാ അത്തെ പോലെയുള്ള സംഘടകളെയും,വിഘടനവാദികളെയുമാണെന്ന് വ്യക്തമായിരുന്നു.
സംസ്ഥാനത്തിനകത്തും വിദേശത്തുനിന്നുമുള്ള ഫണ്ടുപയോഗിച്ചാണ് ജമാ അത്ത് ഇസ്ലാമിയുടെ പ്രവര്‍ത്തനം. ജമ്മു കാശ്മീരിനെ ഇന്ത്യയില്‍നിന്നടര്‍ത്തി പാക്കിസ്ഥാനോട് ചേര്‍ക്കണമെന്ന് നിലപാടാണ് സംഘടനയ്ക്കുള്ളത്. സംഘടനയ്ക്ക് എത്ര സ്വത്തുക്കളുണ്ടെന്നോ എത്ര ബാങ്ക് ബാലന്‍സ് ഉണ്ടെന്നോ ഉള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജമാ അത്ത് ഇസ്ലാമിക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് സംഘടനയെ നിരോധിച്ചത്.
Post Your Comments