പത്തനംതിട്ട: ജില്ലാ ട്രഷറിയില്‍ അനധികൃത അക്കൗണ്ടുണ്ടാക്കി മരിച്ചു പോയ റിട്ട. അധ്യാപികയുടെ സ്ഥിര നിക്ഷേപവും പലിശയും അടക്കം 8.13 ലക്ഷം തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതിയെ ക്രൈംബ്രാഞ്ച് പിടികൂടി. പെരുനാട് സബ്ട്രഷറിയിലെ മുന്‍ കാഷ്യര്‍ ഈരാറ്റുപേട്ട സ്വദേശി സി.ടി. ഷഹീറിനെയാണ് ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്‌പിയുടെ നേതൃത്വത്തില്‍ ഒളിയിടത്തില്‍ നിന്ന് പൊക്കിയത്. ഓമല്ലൂര്‍ മഞ്ഞനിക്കരയിലെ റിട്ട. അധ്യാപികയുടെ സ്ഥിര നിക്ഷേപത്തിലെയും സേവിങ്സ് അക്കൗണ്ടിലെയും പണമാണ് ഷഹീര്‍ ആസൂത്രിതമായി തട്ടിയെടുത്തത്.
മരണമടഞ്ഞ പെന്‍ഷണറുടെ മകന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയാണ് ഷഹീര്‍ ജില്ലാ ട്രഷറിയില്‍ അനധികൃത അക്കൗണ്ട് തുടങ്ങിയത്. ജില്ലാ ട്രഷറിയില്‍ അധ്യാപികയ്ക്ക് നാല് സ്ഥിര നിക്ഷേപങ്ങളുണ്ടായിരുന്നു. ഒന്ന് കാലാവധി പൂര്‍ത്തിയാകും മുന്‍പ് ക്ലോസ് ചെയ്ത് പണം അനധികൃത അക്കൗണ്ടിലേക്ക് മാറ്റി. മറ്റ് മൂന്ന് സ്ഥിര നിക്ഷേപങ്ങളുടെ പലിശയും പിന്‍വലിച്ച് ഇതേ അക്കൗണ്ടിലാക്കി. ഈ തുക പിന്നീട്, ഏഴ് തവണകളായി ചെക്ക് ഉപയോഗിച്ച് പിന്‍വലിക്കുകയും ചെയ്തു. മുഖ്യസൂത്രധാരനായ ഷഹീര്‍ ഒളിവില്‍ പോയതിന് പിന്നാലെ, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
എന്നാൽ, ഈ ജാമ്യാപേക്ഷയില്‍ തീരുമാനം ആയിട്ടില്ലെന്നാണ് കരുതുന്നത്. ഇതോടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. മരിച്ച പെന്‍ഷണറുടെ മകനെ നോമിനിയാക്കി വച്ച പണമാണ് അപഹരിക്കപ്പെട്ടത്. ക്രൈംബ്രാഞ്ച് ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ മകന്‍ ഈ സംഭവം അറിയുന്നത്. രണ്ട് വര്‍ഷമായി നീണ്ടുനിന്ന തട്ടിപ്പില്‍ ഏഴുതവണ ചെക്ക് ഉപയോഗിച്ച് പണം മാറിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഷഹീറിനൊപ്പം സസ്പെന്‍ഷനിലുള്ള മറ്റുള്ളവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സംഭവം ഉണ്ടായി ഒരുമാസത്തിന് ശേഷം ജില്ലാ ട്രഷറി ഓഫീസര്‍ പത്തനംതിട്ട പൊലീസിന് നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ് എടുത്തത്.
ഷഹീര്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കാണാതായ 38,000 രൂപയുടെ ചെക്ക് പെരുനാട് സബ് ട്രഷറിയില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിലെ സി.പി.യുവില്‍ നിന്നാണ് കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഷഹീറിനെ കൂടാതെ കോന്നി സബ് ട്രഷറി ഓഫീസര്‍ രഞ്ചി കെ. ജോണ്‍, ജില്ലാ ട്രഷറി ജൂനിയര്‍ സൂപ്രണ്ട് കെ.ജി.ദേവരാജന്‍, ജൂനിയര്‍ അക്കൗണ്ടന്റ് ആരോമല്‍ അശോകന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments