മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ശ്രമിക്കുന്നതായി നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ആരോപണം. കേസില്‍ എന്‍സിബി കസ്റ്റഡിയിലുള്ള ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ ഇല്ലാതാക്കുമെന്നും ആര്യന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍സിബി കോടതിയില്‍ വാദിച്ചു.
കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാന്‍ ഷാരൂഖ് ഖാന്‍ ശ്രമിക്കുന്നുവെന്നാണ് എന്‍സിബി ആരോപണം. ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മാനേജര്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും എന്‍സിബി അറിയിച്ചു. ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കെ ആണ് എന്‍സിബിയുടെ വാദം. ഷാരൂഖിന്റെ മാനേജര്‍ പൂജ ദാദ്‌ലാനിക്ക് എതിരെയാണ് എന്‍സിബി രംഗത്ത് വന്നത്.
ഷാരൂഖ് ഖാന്റെ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കപ്പെടാനും അന്വേഷണത്തെ സ്വാധീനിക്കാനും സാധ്യത ഉണ്ടെന്ന് എന്‍സിബി പറഞ്ഞു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖാമൂലമുള്ള മറുപടിയിലാണ് എന്‍സിബി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അന്താരാഷ്ട്ര ലഹരി മാഫിയകളുമായി ആര്യന്‍ഖാന് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനായി കൂടുതല്‍ സമയം ആവശ്യമായി വരുമെന്നും എന്‍സിബി പറഞ്ഞു. സ്വാധീനമുപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനും അടുത്ത് അറിയാവുന്ന സാക്ഷികളെ വിലക്കെടുക്കാനും സാധിക്കുമെന്ന് എന്‍സിബി ഹൈക്കോടതിയില്‍ പറഞ്ഞു. ആര്യന്‍ ഖാന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നതിന് തൊട്ടുമുമ്പാണ് എന്‍സിബി രേഖാമൂലമുള്ള മറുപടി നല്‍കിയത്. അതേസമയം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി ബുധനാഴ്ചയും വാദം തുടരും.
Post Your Comments